തെരുവ് നായ്ക്കളുടെ കടിയിൽ നിന്ന് രക്ഷപ്പെടാൻ ഐ.ഐ.എം കണ്ടെത്തിയ പുതിയ’ വഴി; അറിയാൻ വായിക്കു

ബെംഗളൂരു: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വഴികൾ ശാസ്ത്രീയമായി ക്രമീകരിക്കുന്നത് വഴി മനുഷ്യരും നായ്ക്കളും തമ്മിലുള്ള സംഘർഷങ്ങളും കടിയേൽക്കുന്ന സംഭവങ്ങളും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഐ.ഐ.എം ബെംഗളൂരുവിന്റെ (IIMB) പുതിയ പഠനം. ഭക്ഷണത്തിനായി തെരുവ് നായ്ക്കൾ അലഞ്ഞുതിരിയുന്നതും ഭക്ഷണം തേടുന്നതുമാണ് അവ തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്കും, അത് പിന്നീട് മനുഷ്യരുമായുള്ള സംഘർഷങ്ങളിലേക്കും നയിക്കുന്നത്. എന്നാൽ കൃത്യമായ സ്ഥലങ്ങളിൽ ക്രമമായി ഭക്ഷണം ലഭ്യമാക്കുന്നത് നായ്ക്കളുടെ അക്രമവാസന കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഐ.ഐ.എം ബെംഗളൂരുവിലെ അക്കാദമിക് അസോസിയേറ്റ് ആൻസ്‌ലിൻ ബി.എസ് സജ്, പ്രൊഫ. അർജുൻ രാമചന്ദ്ര എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബെംഗളൂരുവിലെ 38 കേന്ദ്രങ്ങളിലായി നൂറിലധികം നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ‘ശാന്തി നഗർ അനിമൽ ഫീഡിംഗ് സ്‌ക്വാഡ്’ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളിലാണ് ഗവേഷകർ ഈ പുതിയ മാതൃക പരീക്ഷിച്ചത്. ഒരു ഡെലിവറി ശൃംഖല പോലെ ഭക്ഷണം നൽകുന്ന വഴികൾ പുനഃക്രമീകരിച്ചതിലൂടെ യാത്രയ്ക്കെടുക്കുന്ന സമയം 2.5 മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി (20 ശതമാനം) കുറയ്ക്കാൻ സാധിച്ചു. കൂടാതെ ദിവസേനയുള്ള യാത്രാദൂരം 6.6 കിലോമീറ്ററിൽ നിന്ന് 5.5 കിലോമീറ്ററായും കുറഞ്ഞു. ഇത് വഴി മാസത്തിൽ ഏകദേശം 15 മണിക്കൂറും 33 കിലോമീറ്ററും ലാഭിക്കാൻ കഴിയും.

സന്നദ്ധപ്രവർത്തകർ സ്വന്തം ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സമയവും ഇന്ധനവും ലാഭിക്കുന്നത് മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നഗരങ്ങളിലെ മറ്റ് മൃഗക്ഷേമ പദ്ധതികൾക്കും ഈ ശാസ്ത്രീയ മാതൃക വിജയകരമായി പ്രയോജനപ്പെടുത്താം. എന്നാൽ വലിയ ശൃംഖലകളിൽ ഈ മാതൃക വ്യാപിപ്പിക്കുമ്പോൾ നേരിടുന്ന സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാൻ ഏറ്റവും അടുത്തുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഘട്ടംഘട്ടമായി പോകുന്ന ലളിതമായ സമീപനവും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts