‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം.

അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.

അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ.

സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും.

ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്.

ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us