ബെംഗളൂരു : അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക ട്രെയിനുകൾ എർപ്പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിദിന പത്ര സമ്മേളനത്തിൽ അദ്ധേഹം അറിയിച്ചതാണ് ഇക്കാര്യം.
ആദ്യ ട്രെയിൽ ഡൽഹിയിൽ നിന്നായിരിക്കും, പിന്നീട് ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നും ട്രെയിനുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്തും.
ഇവിടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന.
ബെംഗളൂരു,ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പ്രത്യേകം ഹെൽപ്പ് ഡെസ്ക്കുകൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ കഴിഞ്ഞ 29 ന് നോർക്ക ആരംഭിച്ചിരുന്നു.
എന്നാൽ ഇതുവരെ സർക്കാർ തലത്തിൽ നിന്നും വാഹനമില്ലാത്ത സാധാരണക്കാരെ നാട്ടിലെത്തിക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്ന വൻവിമർശനം ഉയർന്നിരുന്നു.
ഇതിനിടക്ക് ആണ് ട്രെയിൻ പ്രഖ്യാപിക്കുന്നത്, വാഹനമുള്ളവർ പലരും കേരളത്തിലേക്ക് തിരിച്ചു പോകുകയും വാഹനമില്ലാത്തവർ ഇവിടെ കുടുങ്ങുകയുമായിരുന്നു.
കെ.എം.സി.സി.യും കേരള സമാജവും അടക്കം നിരവധി മലയാളി സംഘടനകൾ ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
മലയാളം മിഷൻ കർണാടക ഘടകം നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് പൊതു ഗതാഗത സംവിധാനം ഏർപ്പെടുത്തണം എന്ന് ഇന്നലെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കേരള നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം കെ മുനീറും അന്യ സംസ്ഥാനത്തിലെ മലയാളികൾക്ക് തിരിച്ച് വരാൻ പൊതു ഗതാഗത സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.