സംസ്ഥാനത്ത് പേയിങ് ഗസ്റ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: സംസ്ഥാനത്ത് പേയിങ് ഗസ്റ്റ് (പി.ജി.) താമസസൗകര്യങ്ങൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി അർബൻ ഡെവലപ്പ്‌മെന്റ് വകുപ്പ് കരട് നിർദേശം പുറത്തിറക്കി. നഗരമേഖലകളിലാണ് പി.ജി. താമസസൗകര്യങ്ങൾ കൂടുതലായി ഉള്ളത്.

ബെംഗളൂരുവിൽ മാത്രം നൂറുകണക്കിന് പി.ജി.കളാണുള്ളത്. അനുമതിയില്ലാതെ നടത്തുന്ന പി.ജി.കളും ഉണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ സ്ത്രീകളുടെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി പരാതി ഉയർന്നിരുന്നു. നിയന്ത്രണം കൊണ്ടുവന്നാൽ അനധികൃത പി.ജി.കൾ നിർത്തലാക്കാൻ സാധിക്കും.

പി.ജി. താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ജോലിക്കായും പഠനത്തിനായും വരുന്ന മലയാളികളിൽ നല്ലൊരു വിഭാഗവും പി.ജി.കളെയാണ് ആശ്രയിക്കുന്നത്.

കർണാടക മുനിസിപ്പാലിറ്റീസ് ആക്ട് 1964, കർണാടക മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് 1976 എന്നിവയുടെ അടിസ്ഥാനത്തിലാണ് പി.ജി.കൾക്കുള്ള നിയമങ്ങൾ കൊണ്ടുവരുന്നത്. പി.ജി.കൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും പി.ജി.കളെ കുറിച്ചുള്ള എതിർപ്പുകളും അർബൻ ഡെവലപ്പ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ പൊതുജനങ്ങൾക്ക് അയയ്ക്കാം.

നിലവിൽ പി.ജി. താമസസൗകര്യങ്ങൾ നടത്തുന്നവരുടെ അഭിപ്രായവും സർക്കാർ ആരായുന്നുണ്ട്. നിയമം കാര്യക്ഷമമാക്കുന്നതിന് ഇവരുടെ നിർദേശങ്ങളും ആശയങ്ങളും തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അന്യദേശങ്ങളിൽനിന്ന് ജോലിക്കെത്തുന്നവർക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ സാധിക്കുമെന്നതിനാൽ പലരും പി.ജി.കളെയാണ് ആശ്രയിക്കുക. പി.ജി. ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾക്ക് വിവിധ മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us