ബെംഗളൂരു: കർണാടക ആർ.ടി.സി. വോൾവോ ബസ് നിരക്ക് വർധിപ്പിച്ചതിനുപിന്നാലെ ബി.എം.ടി.സി.യുടെ വായുവജ്ര ബസുകളുടെ ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. 3.45 ശതമാനം മുതൽ 26 ശതമാനം വരെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന ബി.എം.ടി.സി.യുടെ എ.സി. വോൾവോ ബസാണ് വായുവജ്ര. വാഹനത്തിന്റെ പരിപാലനച്ചെലവും ഡീസൽ വിലവർധനയും കണക്കിലെടുത്താണ് നിരക്ക് വർധനയെന്ന് ബി.എം.ടി.സി. അധികൃതർ അറിയിച്ചു. ജൂലായ് ഒന്നുമുതൽ നിരക്ക് വർധന പ്രാബല്യത്തിലായി. അതേസമയം, യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ജനുവരിയിൽ യാത്രക്കാരെ ആകർഷിക്കാനായി വായുവജ്ര ബസുകളിൽ 29 ശതമാനം വരെ നിരക്കിളവ് നൽകുന്ന പദ്ധതി ബി.എം.ടി.സി. നടപ്പാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും വരുമാനത്തിൽ കാര്യമായ വർധനയുണ്ടായില്ല. ഇതിനിടെ, പലവട്ടം ഇന്ധനവില കുതിച്ചുയർന്നതും തിരിച്ചടിയായി. സ്വകാര്യ ഒാൺലൈൻ ടാക്സികൾ കൂടുതൽ നിരക്കിളവുകളുമായി രംഗത്തെത്തിയതും വായുവജ്രയുടെ വരുമാനത്തെ ബാധിച്ചു.
വോൾവോ ബസുകൾക്ക് പരിപാലനച്ചെലവ് ഇനത്തിൽ ഒാരോ വർഷവും കൂടുതൽ തുക മാറ്റിവെക്കേണ്ടിവന്നതോടെ പുതിയ വോൾവോ ബസുകൾ നിരത്തിലിറക്കേണ്ടെന്ന് കർണാടക ആർ.ടി.സി. കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. തുടർന്ന് ദീർഘദൂര വോൾവോ സർവീസുകളുടെ നിരക്കും വർധിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് ബി.എം.ടി.സി.യും തങ്ങളുടെ വോൾവോ ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം, പുതിയ വോൾവോ ബസുകൾ നിരത്തിലിറക്കുന്നതിനുപകരം സ്വകാര്യ കമ്പനികളിൽനിന്ന് ബസുകൾ വാടകയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ ബി.എം.ടി.സി. ആലോചിക്കുന്നതായും സൂചനയുണ്ട്. വാടകയ്ക്കെടുക്കുന്ന ബസുകൾ ലാഭമെന്ന് നേരത്തേ ബി.എം.ടി.സി. നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഓടുന്ന കിലോമീറ്ററിന്റെ തോത് അനുസരിച്ചാണ് ഇതിന് വാടക നൽകേണ്ടത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.