ബെംഗളൂരു ∙ വാടക കുടിശിക ഒടുക്കാത്തതിനെ തുടർന്നു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ (എൻഎസ്ഡി) സർക്കാർ കെട്ടിടത്തിൽ നിന്നൊഴിപ്പിച്ചു. മനുഷ്യത്വരഹിതമായാണ് കർണാടക കായിക വകുപ്പ് ഒഴിപ്പിക്കൽ നടപ്പാക്കിയതെന്ന് ആരോപിച്ച് എൻഎസ്‍ഡി ജീവനക്കാരും വിദ്യാർഥികളും കെട്ടിടത്തിനു മുന്നിൽ പ്രതിഷേധം തുടങ്ങി. പുറത്തു കനത്ത മഴ പെയ്യുമ്പോഴാണ് കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ പുറംതള്ളിയതെന്ന് ഇവർ ആരോപിച്ചു.
എന്നാൽ നടപടിയെ സർക്കാർ ന്യായീകരിച്ചു. 20 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനാൽ മേയ് മാസത്തിൽ കെട്ടിടം ഒഴിയണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഇതു സംബന്ധിച്ച് ആറുവട്ടം നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് ഒഴിപ്പിക്കേണ്ടി വന്നത്. 2008ലാണ് എൻഎസ്ഡിയും കായിക വകുപ്പും തമ്മിൽ വാടക കരാർ ഉണ്ടാക്കിയത്. പിന്നീട് ഇതു മൂന്നുവട്ടം നീട്ടി നൽകി. കുറെ നാളായി വാടക നൽകാറില്ലെന്നും ഇവിടെ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, കെട്ടിടം 20–30 വർഷത്തേക്കു പാട്ടത്തിനു നൽകുന്നതു സംബന്ധിച്ച് മന്ത്രിമാരായ റോഷൻ ബെയ്ഗ്, ഉമാശ്രീ എന്നിവരുമായി ചർച്ച നടത്തിവരികയാണെന്നും ഇതിനിടെയാണ് ഒഴിപ്പിച്ചതെന്നും എൻഎസ്‍ഡി ജീവനക്കാർ അവകാശപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ അവതരിപ്പിക്കാനുള്ള തിയറ്റർ ഒളിംപിക്സിന്റെ തയാറെടുപ്പുകളെ ഇതു ബാധിക്കുകയും ചെയ്തു.