ഗംഗയില്‍ മുങ്ങിയാല്‍ ഒരു മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകുമെന്നും അയാള്‍ക്ക് മോക്ഷം കിട്ടുമെന്നുമാണ് വിശ്വാസം. കഴിഞ്ഞ ദിവസം അങ്ങനെ മോക്ഷം കിട്ടാനായി വാരണാസിയില്‍ എത്തിയത് 150ഓളം പുരുഷന്മാരാണ്. ഇവര്‍ കൂട്ടത്തോടെയെത്തിയത് പാപങ്ങള്‍ക്ക് മോക്ഷം കിട്ടാനല്ലയെന്ന് മാത്രം.
‘പിശാചുക്കളായ’ തങ്ങളുടെ ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാനായാണ് ഇവര്‍ ഗംഗയിലെത്തിയത്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന വിഷലിപ്തമായ ഫെമിനിസത്തിൽ നിന്ന് രക്ഷതേടി ഗംഗയിലെത്തിയ ഇവര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്തിമകർമ്മങ്ങളും ‘പിശാചിനി മുക്തി പൂജ’യും നടത്തി.
പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ (എസ്.ഐ.എഫ്.എഫ്) എന്ന സംഘടനയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ വാരണാസിയിലെത്തിയത്.
സ്ത്രീധന പീഡന നിരോധന നിയമങ്ങൾ അടക്കമുള്ളവ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുകയാണ് ഭാര്യമാര്‍ ചെയ്യുന്നതെന്നും അവര്‍ പുരുഷന്‍റെ കുടുംബത്തിന്‍റെ ഭാഗമല്ലെന്നുമാണ് സംഘടനയുടെ സ്ഥാപകനായ രാജേഷ് വഖാരിയ പറയുന്നത്.
‘മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിപോലും ഇവിടെ പ്രത്യേക മന്ത്രാലയമുണ്ട്. പക്ഷേ പുരുഷന്മാരുടെ സംരക്ഷണത്തിനായി ഒരു വകുപ്പുപോലുമില്ല. മൃഗങ്ങളെക്കാൾ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്? പ്രതിവര്‍ഷം 24,000 ഭാര്യമാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യമാരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം 92,000 ആണ്. വ്യാജ ലൈംഗിക കുറ്റം ചുമത്തി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വർധിക്കുന്നു.- വഖാരിയ പറയുന്നു.
വർഷങ്ങളായി ഇവർ ഭാര്യമാരുടെ പീഡനം സഹിച്ചുവരികയായിരുന്നു. അവരുടെ മനസമാധാനം തന്നെ തട്ടിതെറിപ്പിക്കപ്പെട്ടു. വൈവാഹിക ബന്ധത്തിന്‍റെ വിഴുപ്പ് ചുമക്കേണ്ടിവന്നു. രാജ്യത്ത് പുരുഷനായി ജനിക്കുന്നത് എന്തോ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. -പുരുഷാവകാശ പ്രവർത്തകനായ അമിത് ദേശ്പാണ്ടെ പറയുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 200 കേന്ദ്രങ്ങളുള്ള സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്(എസ്.ഐ.എഫ്.എഫ്) നാലായിരത്തോളം വോളന്‍റിയർമാരാണുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.