ഉറപ്പുലഭിച്ചു; 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് പിന്നാലെ സുവർണ കർണാടക ആരോഗ്യ കവച് (108) ആംബുലൻസ് എംപ്ലോയീസ് അസോസിയേഷൻ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രി യു.ടി. ഖാദറുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ജീവനക്കാർ മുന്നോട്ടുവെച്ച ഭൂരിഭാഗം ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടപ്പിലാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് തീരുമാനം. വികാസ് സൗധയിൽ വെച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിത്വിക് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘടന ഭാരവാഹികളുമായി നിർണായക യോഗം ചേർന്നത്.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രതിഷേധങ്ങളോ പണിമുടക്കുകളോ നടത്തരുതെന്ന് യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി അഭ്യർത്ഥിച്ചു. നിലവിൽ നഗരത്തിലില്ലാത്ത ആരോഗ്യ മന്ത്രി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ആവശ്യങ്ങൾ നിറവേറ്റുമെന്നും ഉറപ്പുലഭിച്ചതായി സുവർണ കർണാടക ആരോഗ്യ കവച എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പരമശിവ വ്യക്തമാക്കി. സർക്കാരിന് താല്പര്യമുണ്ടെങ്കിൽ നിലവിലെ സേവനദാതാക്കളായ ജി.വി.കെ (GVK) കമ്പനിയുമായുള്ള കരാർ റദ്ദാക്കാമെന്നും, പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിഫലമില്ലാതെ തന്നെ സേവനം തുടരാൻ ജീവനക്കാർ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

108 ആംബുലൻസ് ജീവനക്കാരുടെ വേതനം എല്ലാ വർഷവും കൃത്യമായി പരിഷ്കരിക്കുക, ഡ്യൂട്ടിക്കിടെ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, മൂന്ന് ഷിഫ്റ്റുകളിലായി ആംബുലൻസ് സർവീസുകൾ ക്രമീകരിക്കുക, സോണുകൾ തിരിച്ചുള്ള ശമ്പള വ്യത്യാസം അവസാനിപ്പിച്ച് ഏകീകൃത വേതന ഘടന നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് അസോസിയേഷൻ സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts