ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) അടുത്തിടെ നടപ്പിലാക്കിയ ‘ഇ-ആസ്തി 2.0’ എന്ന പുതിയ സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക തടസ്സങ്ങൾ കാരണം ബെംഗളൂരുവിൽ സ്വത്ത് സംബന്ധമായ സേവനങ്ങൾ പൂർണ്ണമായും സ്തംഭിച്ചു. ബി-അക്കൗണ്ടിൽ നിന്ന് എ-അക്കൗണ്ടിലേക്ക് മാറിയവർ ഉൾപ്പെടെ ആയിരക്കണക്കിന് വസ്തു ഉടമകളാണ് കഴിഞ്ഞ 18 ദിവസമായി സ്വന്തം ആവശ്യങ്ങൾക്കായി കോർപ്പറേഷൻ ഓഫീസുകളിൽ കയറിയിറങ്ങുന്നത്.
പുതിയ സോഫ്റ്റ്വെയർ നടപ്പിലാക്കിയതോടെ രേഖകളുടെ പരിശോധന അതിതീവ്രവും കർശനവുമാക്കിയിരിക്കുകയാണ്. പഴയതും പുതിയതുമായ രേഖകൾ തമ്മിൽ വസ്തു ഉടമയുടെ പേരിലോ വിലാസത്തിലോ തെരുവിന്റെ പേരിലോ ഒരു അക്ഷരത്തിന്റെ വ്യത്യാസം കണ്ടാൽ പോലും സിസ്റ്റം അപേക്ഷകൾ ഉടനടി നിരസിക്കുകയാണ്. ഇത് കാരണം ആയിരക്കണക്കിന് ഭേദഗതി ഫയലുകളാണ് നിലവിൽ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. നഗരത്തിൽ വസ്തുക്കളുടെ വാങ്ങലും വിൽപ്പനയും പൂർണ്ണമായി തടസ്സപ്പെട്ടതിന് പുറമെ ബാങ്ക് വായ്പകളുടെ വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.
ഇ-ആസ്തി 2.0 വഴി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുമെന്നും നടപടികൾ എളുപ്പമാകുമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സിസ്റ്റത്തിലെ സാങ്കേതിക പിഴവുകൾ മൂലം ജനങ്ങൾ വലിയ ദുരിതമാണ് നേരിടുന്നത്. സ്വത്ത് രേഖകളിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ വായ്പാ അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർക്കെതിരെ ജനരോഷം ശക്തമാകുകയാണ്.
അതേസമയം, പ്രക്രിയകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് തടസ്സങ്ങൾ ഉണ്ടാകുന്നതെന്ന് ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു വ്യക്തമാക്കി. പുതിയ സിസ്റ്റത്തിലേക്ക് പഴയ ഡാറ്റകളും പുതിയ സോഫ്റ്റ്വെയറും അപ്ലോഡ് ചെയ്യുന്ന പ്രവൃത്തികൾ സെർവറിൽ നടന്നുവരികയാണെന്നും ഇതിനാണ് സമയമെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ഒരു ആഴ്ചയ്ക്കുള്ളിൽ ഇ-ആസ്തി 2.0-ലെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് സേവനങ്ങൾ സുഗമമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എങ്കിലും അധികൃതരുടെ ഈ വാഗ്ദാനം എത്രത്തോളം വേഗത്തിൽ നടപ്പിലാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
