ബെംഗളൂരു: എ.ഐ (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയുടെ ഉയർന്ന പ്രവർത്തനച്ചെലവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം ജീവനക്കാർക്ക് നൽകാനിരുന്ന വാർഷിക ശമ്പള വർദ്ധനവ് പൂർണ്ണമായും നിർത്തിവെച്ച് പ്രമുഖ ഇന്ത്യൻ സോഫ്റ്റ്വെയർ ഭീമനായ സോഹോ. നിലവിലെ വിപണിയിലെ തിരിച്ചടികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പു വ്യക്തമാക്കി.
സോഫ്റ്റ്വെയർ വ്യവസായ മേഖല വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം കമ്പനിയുടെ പ്രവർത്തനച്ചെലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഉയർത്തിയെന്നും അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ കുറിച്ചു. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ സെർവറുകളുടെ വില നാലിരട്ടിയോളം വർദ്ധിച്ചതും എ.ഐ ഉപകരണങ്ങളുടെ പെട്ടെന്നുള്ള ഉപയോഗവർദ്ധനവും കമ്പനിയുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടുണ്ട്.
ഈ ഉയർന്ന പ്രതിസന്ധി മറികടക്കാൻ പരസ്യ-മാർക്കറ്റിംഗ് ബജറ്റുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ സോഹോ തീരുമാനിച്ചു. ഇതിന് പുറമെയാണ് ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവ് താൽക്കാലികമായി റദ്ദാക്കിയത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിർബന്ധിത തീരുമാനത്തിൽ ജീവനക്കാരോട് അദ്ദേഹം പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.
ഐ.ടി മേഖലയിൽ തൊഴിലവസരങ്ങളുടെ ഭാവി അങ്ങേയറ്റം ദുഷ്കരമാണെന്ന് മുന്നറിയിപ്പ് നൽകിയ വെമ്പു, എന്നാൽ സോഹോയിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുനൽകി. കഴിഞ്ഞ 18 മാസമായി കമ്പനി പുതിയ നിയമനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല. പ്രയാസകരമായ ഈ ഘട്ടത്തിൽ കമ്പനിയെ പിന്തുണച്ച് ഒപ്പം നിൽക്കുന്ന ജീവനക്കാരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
