കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറിയെന്ന വിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്താൻ അനുമതി നൽകുമെന്ന വാഗ്ദാനം പ്രതീക്ഷിച്ച് കാത്തിരുന്ന വാഹന ഉടമകൾക്ക് നിരാശ സമ്മാനിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ്, അനുവാദമുള്ള മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ പുതിയ സർക്കുലറിനെച്ചൊല്ലി ഗണേഷ് കുമാർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
“പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു” എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച ഗണേഷ് കുമാർ, വി.ഡി. സതീശന്റെ വാഗ്ദാനത്തെ രൂക്ഷമായി പരിഹസിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. യാഥാർത്ഥ്യത്തിന് നിരക്കാത്ത വാഗ്ദാനങ്ങൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം, നിലവിലുള്ള നിയമപ്രകാരം സാധാരണയായി ചെയ്യാവുന്ന ചില നിസ്സാര മാറ്റങ്ങൾക്ക് മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. അതും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചും, ആവശ്യമെങ്കിൽ ആർ.സി ബുക്കിൽ കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തിയും മാത്രമേ ചെയ്യാൻ സാധിക്കൂ. എംവിഡിയുടെ ഈ ഉറച്ച നിലപാട് വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രതീക്ഷിച്ച വാഹന പ്രേമികൾക്ക് കടിയ തിരിച്ചടിയായിരിക്കുകയാണ്.
- നിറം മാറ്റം: കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ വിലക്കാത്ത ഏത് നിറവും ഉപയോഗിക്കാം. എന്നാല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങുകയും ആര്‍സിയില്‍ രേഖപ്പെടുത്തുകയും വേണം.
- എന്‍ജിന്‍, ഷാസി മാറ്റല്‍: പഴയ എന്‍ജിന്റെയും ഷാസിയുടെയും അതേ സവിശേഷതകളും മോഡലുമുള്ള പുതിയവ (അതേ കമ്പനിയുടേത്) മാത്രമേ ഉപയോഗിക്കാവൂ. മറ്റു വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
- ബോഡി ഘടന: കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം പാലിച്ചുകൊണ്ട് മാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കൂ.
- ഇന്ധന/പ്രൊപ്പല്‍ഷന്‍ സംവിധാനം: അംഗീകൃത റിട്രോഫിറ്റ്/കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച്, സര്‍ക്കാരിന്റെയോ നിര്‍മ്മാതാക്കളുടെയോ അംഗീകാരമുള്ള വര്‍ക്ക്‌ഷോപ്പുകള്‍ വഴി മാത്രമേ ഇത് മാറ്റാവൂ.
- ഭിന്നശേഷി സൗഹൃദമാക്കല്‍: സാധാരണ വാഹനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതും അംഗീകൃത കേന്ദ്രങ്ങള്‍ വഴി മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ.
