ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയായ ഫസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംറാന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇയാളെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥികളായ ഇരുവരും നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ, റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫസീൽ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഫസീലിന്റെ ബന്ധുക്കൾ കണ്ണൂരിൽ നിന്ന് മൈസൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
