ബെംഗളൂരു: കെ.ആർ പുരം സീഗെഹള്ളിയിൽ നഗരത്തെ ഒന്നടങ്കം നടുക്കിയ മുന്ന് കൊലപാതകങ്ങൾക്ക് മുൻപ്, അക്രമം നടത്തേണ്ട വഴികളെക്കുറിച്ച് പ്രതി നിർമ്മിത ബുദ്ധി (AI) വഴി തിരച്ചിൽ നടത്തിയതായി പോലീസ് കണ്ടെത്തൽ. കേസിൽ പിടിയിലായ 25-കാരനായ ടെക്കി ജെ. കെന്നത്ത്, തന്റെ പങ്കാളിയുടെ കുടുംബത്തെ ആക്രമിക്കുന്നതിന് തൊട്ടുമുൻപാണ് കമ്പ്യൂട്ടറിൽ എ.ഐ സഹായത്തോടെ അതിക്രൂരമായ അക്രമരീതികൾ സെർച്ച് ചെയ്തത്. സംഭവത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
അക്രമരീതികൾ എ.ഐയോട് ചോദിച്ചറിഞ്ഞു
കെന്നത്തിന്റെ ലാപ്ടോപ്പ് കേന്ദ്രീകരിച്ച് ഫോറൻസിക് സയൻസ് ലാബോറട്ടറി (FSL) നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അടുക്കളയിലെ കത്തി ഉപയോഗിച്ച് എങ്ങനെ മാരകമായി ആക്രമിക്കാം, വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് ആളുകളെ എങ്ങനെ അന്ധരാക്കാം, കാൽമുട്ടുകൾ തകർത്ത് ആളുകളെ എങ്ങനെ വീഴ്ത്താം തുടങ്ങിയ കാര്യങ്ങളാണ് ഇയാൾ എ.ഐയോട് ചോദിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ കയറുന്ന മൂന്ന് കവർച്ചക്കാരെ എങ്ങനെ കീഴ്പ്പെടുത്താമെന്നും ഏറ്റവും മാരകമായ ആയുധങ്ങളുടെ ചരിത്രത്തെക്കുറിച്ചും ഇയാൾ സെർച്ച് ചെയ്തിരുന്നു.
സംഭവസ്ഥലത്തുനിന്ന് വിനാഗിരിയും മുളകുപൊടിയും അടങ്ങിയ കുപ്പി കണ്ടെത്തി
സെർച്ച് ഹിസ്റ്ററിയിലെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന തെളിവുകൾ കൊലപാതകം നടന്ന സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചു. വിനാഗിരിയും മുളകുപൊടിയും കലർത്തിയ ഒരു കുപ്പി കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കൂടുതൽ പരിശോധനയ്ക്കായി എഫ്.എസ്.എല്ലിലേക്ക് അയച്ചിട്ടുണ്ടെന്നും വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുലു അദാവത് സ്ഥിരീകരിച്ചു. അതേസമയം, കെന്നത്തിന്റെ ചോദ്യങ്ങൾക്ക് എ.ഐ നൽകിയ മറുപടികൾ എന്തൊക്കെയാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
സാമ്പത്തിക തർക്കവും കൊലപാതകവും
പ്രതിയും ലിവിംഗ് പങ്കാളിയുമായ ശ്വേതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും തുടർന്നുള്ള തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2,085 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കെന്നത്തിന് ബിസിനസ് നടത്താനും മറ്റ് ആവശ്യങ്ങൾക്കുമായി ശ്വേത വിവിധ ബാങ്കുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി 52 ലക്ഷത്തോളം രൂപ വായ്പയെടുത്ത് നൽകിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ ശ്വേതയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് മകൾ വലിയ തുക കടം വാങ്ങിയ വിവരം മാതാപിതാക്കളായ സോമസുന്ദർ (55), മുത്തുലക്ഷ്മി (50) എന്നിവർ അറിയുന്നത്.
കണ്ണിൽ ചോരയില്ലാത്ത ആക്രമണം
വായ്പയെച്ചൊല്ലി ശ്വേതയുടെ പിതാവ് സോമസുന്ദർ കെന്നത്തിനെ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായത്. ജൂൺ 22-ന് രാത്രി സീഗെഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിൽ വെച്ച് കെന്നത്ത് ശ്വേതയുടെ മാതാപിതാക്കളെയും സഹോദരി സുപ്രിയയെയും (20) ദാരുണമായി ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സോമസുന്ദർ അപ്പാർട്ട്മെന്റിന് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. അമ്മ മുത്തുലക്ഷ്മിയും സഹോദരി സുപ്രിയയും സംഭവസ്ഥലത്തുതന്നെ കുത്തേറ്റു മരിച്ചു. കെന്നത്ത് തന്റെ കുടുംബത്തെ ആക്രമിക്കുന്നത് നോക്കിനിൽക്കേണ്ടി വന്നുവെന്ന് ശ്വേത കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
