ബെംഗളൂരു: വൻ അക്രമസംഭവങ്ങളെത്തുടർന്ന് നിരോധിച്ചിരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പുകൾക്ക് കർണാടകയിൽ വഴിയൊരുങ്ങുന്നു. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളേജുകളിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാൻ സർവ്വകലാശാലകൾ അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകി. നിലവിലുള്ള കൗൺസിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗങ്ങൾ വിളിച്ചുചേർക്കാനാണ് അധികൃതരുടെ തീരുമാനം.
വിദ്യാർത്ഥികളിൽ നേതൃപാടവവും ജനാധിപത്യ ബോധവും ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ തിരഞ്ഞെടുപ്പുകൾ അത്യന്താപേക്ഷിതമാണെന്ന് ബംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ബി.കെ. രവി വ്യക്തമാക്കി. മുൻകാലങ്ങളിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും അധ്യാപകർക്കും അടിത്തറയിട്ടത് ക്യാമ്പസ് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആദ്യഘട്ടത്തിൽ സർവ്വകലാശാലാ തലത്തിൽ തിരഞ്ഞെടുപ്പുണ്ടാകില്ല. കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾക്കോ വിദ്യാർത്ഥി സംഘടനകൾക്കോ ക്യാമ്പസുകൾക്കുള്ളിൽ പ്രവേശിക്കുന്നതിനോ പ്രചാരണം നടത്തുന്നതിനോ കർശന വിലക്കുണ്ട്.
ഉത്തരവ് പുറത്തുവന്നതോടെ എ.ബി.വി.പി, എൻ.എസ്.യു.ഐ തുടങ്ങിയ പ്രധാന വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസിന് പുറത്ത് യോഗങ്ങൾ വിളിച്ച് സജീവമായിട്ടുണ്ട്. അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും പൂർവ്വ വിദ്യാർത്ഥി നേതാക്കളുടെ സഹായം തേടുകയാണ് സംഘടനകൾ. സർക്കാറിന്റെ ഈ നീക്കം സംസ്ഥാനത്തെ ക്യാമ്പസുകളിൽ പുതിയ രാഷ്ട്രീയ ഉണർവ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]