ബെംഗളൂരു: നഗരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചതായി പോലീസ് കണക്കുകൾ. തെറ്റായ പാർക്കിംഗ്, സിഗ്നൽ തെറ്റിക്കൽ, ‘നോ എൻട്രി’ ലംഘനങ്ങൾ, ഫുട്പാത്തിലൂടെയുള്ള വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ അഞ്ച് പ്രധാന ഗതാഗത ലംഘനങ്ങളിൽ മാത്രമായി 2026-ലെ ആദ്യ എട്ട് മാസത്തിനിടെ 24.5 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ വാർഷിക കണക്കുകളെപ്പോലും മറികടക്കുന്നതാണ് ഈ വർദ്ധനവ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഈ അഞ്ച് ഇനം ലംഘനങ്ങളിലായി ആകെ 1.28 കോടിയോളം കേസുകളാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. 2021-ൽ 19.30 ലക്ഷമായിരുന്ന കേസുകൾ 2025-ൽ 21.09 ലക്ഷമായി ഉയർന്നുവെങ്കിലും, 2026-ലെ ആദ്യ എട്ട് മാസത്തിനുള്ളിൽത്തന്നെ അത് 24.54 ലക്ഷമായി കുതിച്ചുയരുകയായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് റോഡരുകിലെ അശാസ്ത്രീയ പാർക്കിംഗാണ് (48.56%). തൊട്ടുപിന്നിൽ സിഗ്നൽ ജമ്പിംഗും (35.95%) ‘നോ എൻട്രി’ ലംഘനങ്ങളുമാണ് (14.57%). ഫുട്പാത്തിലൂടെ വാഹനം ഓടിച്ചതിന് 88,328 കേസുകളും അപകടകരമായി വാഹനമോടിച്ചതിന് 40,362 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും വാഹനമോടിക്കുന്നവരുടെ അച്ചടക്കമില്ലായ്മയുമാണ് ഈ വർദ്ധനവിന് കാരണമെന്ന് കർണാടക പോലീസ് മേധാവി ഡോ. എം. എ. സലീം വ്യക്തമാക്കി. വെറും പിഴ ഈടാക്കൽ കൊണ്ടുമാത്രം പാർക്കിംഗ് ലംഘനങ്ങൾ തടയാനാവില്ലെന്നും ഇത് റോഡിന്റെ വീതി കുറയ്ക്കുകയും വൻ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ പാർക്കിംഗ് കേന്ദ്രങ്ങൾ, ടോവിംഗ്, ക്യാമറ നിരീക്ഷണം, ആവർത്തിച്ച് തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി എന്നിവ ആവശ്യമാണ്. കൂടാതെ ഇൻ്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ITMS) വഴിയുള്ള ക്യാമറ നിരീക്ഷണത്തിന് പുറമെ വ്യക്തമായ സ്റ്റോപ്പ് ലൈനുകളും സിഗ്നൽ സംവിധാനങ്ങളും നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുക, വാഹനങ്ങൾ ബ്ലാക്ക്ലിസ്റ്റ് ചെയ്യുക, 5000 രൂപ വരെ പിഴ ഈടാക്കുക, പെനാൽറ്റി പോയിന്റ് സിസ്റ്റം കൊണ്ടുവരിക തുടങ്ങിയ വിപുലമായ നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെയും ഗതാഗത മന്ത്രി ബൈരതി സുരേഷിന്റെയും യോഗത്തിൽ ചർച്ചയായിട്ടുണ്ട്. നിയമലംഘകർക്ക് കമ്മ്യൂണിറ്റി സർവീസ് ശിക്ഷയായി നൽകുന്നതും പരിഗണനയിലാണ്. അതേസമയം, ഉയർന്ന പിഴ ചുമത്തുന്നതിനൊപ്പം റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കുഴികൾ അടയ്ക്കുകയും കൃത്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]