ബെംഗളൂരുവിൽ ഭൂമി വാങ്ങാൻ പ്ലാനുണ്ടോ? നമ്മൾ കാണുന്ന ബെംഗളൂരു ഇനിയില്ല! നഗരം വളരുന്ന വഴികൾ ഇതാ!

ബെംഗളൂരു :  നഗരത്തിന്റെ പ്രധാന വികസന കേന്ദ്രങ്ങൾ വരുംവർഷങ്ങളിൽ നിലവിലെ പ്രധാന നഗരമേഖലകളിൽ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ബംഗളൂരു മെട്രോപൊളിറ്റൻ റീജിയണിൽ (BMR) ഒൻപത് സംയോജിത വ്യവസായ ടൗൺഷിപ്പുകൾ സ്ഥാപിക്കാനും പൊതുഗതാഗതം, പാർപ്പിടം, ശുദ്ധജല വിതരണ-മലിനജല സംസ്‌കരണ ശൃംഖലകൾ എന്നിവ വൻതോതിൽ വികസിപ്പിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്.

ലക്ഷ്യം 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; 13,500 ഏക്കർ ഭൂമി ഏറ്റെടുക്കൽ 2047-ഓടെ കർണാടകയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു ട്രില്യൺ ഡോളറിലെത്തിക്കുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് അടിസ്ഥാനസൗകര്യ മേഖലയിൽ ഈ വൻ കുതിച്ചുചാട്ടത്തിന് രൂപം നൽകുന്നതെന്ന് ബി.എം.ആർ സാമ്പത്തിക വികസന ഉപദേശക സമിതി യോഗത്തിൽ സംസാരിക്കവെ ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗരവികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സംയോജിത വ്യവസായ ടൗൺഷിപ്പുകൾക്കായി 7,900 ഏക്കർ ഭൂമി ഇതിനകം സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനുപുറമേ 5,600 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സിംഗപ്പൂർ മാതൃകയിൽ എ.ഐ സിറ്റിയും സർവകലാശാലയും സിംഗപ്പൂരിലെ പ്രശസ്തമായ പങ്ഗോൾ (Punggol) സ്മാർട്ട് ടൗണിന്റെ മാതൃകയിൽ ബംഗളൂരുവിൽ എ.ഐ സർവകലാശാലയും ‘എ.ഐ സിറ്റി’യും സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പണ്ടൊരു മീൻപിടുത്ത-കൃഷി ഗ്രാമമായിരുന്ന പങ്ഗോൾ, ഇന്ന് ലോകശ്രദ്ധയാകർഷിച്ച സിംഗപ്പൂരിലെ ആദ്യത്തെ ആധുനിക ഹരിത സ്മാർട്ട് നഗരമാണ്.

ഗതാഗതക്കുരുക്കിന് വിട; മെട്രോയും ആർ.ആർ.ടി.എസ് ശൃംഖലയും നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി അടുത്ത 10 വർഷത്തിനുള്ളിൽ 312 കിലോമീറ്റർ അധിക മെട്രോ പാതകൾ, 210 കിലോമീറ്റർ റിംഗ് റോഡ്, 270 കിലോമീറ്റർ ആർ.ആർ.ടി.എസ് (RRTS) ശൃംഖല, വിപുലീകരിച്ച സബർബൻ റെയിൽ കണക്റ്റിവിറ്റി എന്നിവ നിർമ്മിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നിർദ്ദിഷ്ട 210 കിലോമീറ്റർ റിംഗ് റോഡ് 10 അധിക ഹബ്ബുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം പെരിഫറൽ റിംഗ് റോഡിന്റെ രണ്ടാം ഘട്ടത്തെ നൈസ് (NICE) റോഡുമായി കൂട്ടിയിണക്കുകയും ചെയ്യും. ആർ.ആർ.ടി.എസ് ശൃംഖല യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരുവിൽ നിന്ന് തുമകൂരു, മൈസൂരു, കെ.ജി.എഫ് തുടങ്ങിയ അയൽ ജില്ലകളിലേക്ക് അതിവേഗ യാത്രാസൗകര്യം ലഭ്യമാകും.

പുറംപ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണം അതേസമയം, ബംഗളൂരു അർബൻ ജില്ല മുഴുവനായി ഘട്ടംഘട്ടമായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ (BWSSB) കീഴിൽ കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ അറിയിച്ചു. നിലവിൽ സേവനം ലഭിക്കാത്ത കൂടുതൽ പുറംപ്രദേശങ്ങളിലേക്ക് കൂടി ശുദ്ധജല വിതരണവും മലിനജല സംസ്‌കരണ ശൃംഖലകളും വിപുലീകരിക്കാൻ ഈ നീക്കം സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts