ബെംഗളൂരു: അവധിക്കാലം ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ ഭയാനകമായ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് മസ്തിഷ്ക മരണം. കടുത്ത ദുഃഖത്തിനിടയിലും ഏക മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ മുന്നോട്ടുവന്നത് നാടിന് വലിയൊരു മാതൃകയായി മാറി. ഹോളേനരസിപൂർ താലൂക്കിലെ ചക്കേനഹള്ളിക്കട്ടെ ഗ്രാമത്തിലെ ചന്ദ്രെഗൗഡ-ശിവമ്മ ദമ്പതികളുടെ ഏക മകനായ രവികുമാർ (31) ആണ് മരണപ്പെട്ടത്.
ബെംഗളൂരുവിൽ പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന രവികുമാർ, അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാനായാണ് നാട്ടിലേക്ക് തിരിഞ്ഞത്. എന്നാൽ ജൂലൈ 6-ന് ഹോളേനരസിപൂർ താലൂക്കിലെ പരസനഹള്ളിക്ക് സമീപം വച്ച് വാഹനാപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രവികുമാറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ രക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം വൻ ശ്രമങ്ങൾ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. തുടർച്ചയായ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
കൺമുന്നിൽ തങ്ങളുടെ ഏക മകന്റെ ജീവൻ പൊലിഞ്ഞതിന്റെ ആഘാതത്തിനിടയിലും, മകന്റെ ഓർമ്മകൾ എന്നെന്നും നിലനിർത്താനും മറ്റ് ജീവനുകൾ രക്ഷിക്കാനുമായി മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കർണാടക സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അവയവദാന സംഘടനയായ ‘ജീവസാർത്ഥകേറ്റ്’ വഴിയാണ് അവയവദാന പ്രക്രിയ പൂർത്തിയാക്കിയത്. ദുരന്തമുഖത്തും മാതാപിതാക്കൾ എടുത്ത ഈ മഹത്തായ തീരുമാനം മൂലം നിരവധി രോഗികൾക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]