ബെംഗളൂരു: നിർദിഷ്ട പിആർആർ-നൈസ് റോഡ് ലിങ്ക് (PRR-NICE Road Link) പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട ഭീഷണി നേരിടുന്ന ജനങ്ങൾ വീടുകളും ഉപജീവനമാർഗവും സംരക്ഷിക്കാൻ ഒന്നിക്കണമെന്നും തെരുവിലിറങ്ങി പോരാടണമെന്നും കേന്ദ്ര ഭാരമോങ് അസംസ്കൃത വ്യവസായ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ആഹ്വാനം ചെയ്തു. മാദവാരയ്ക്ക് സമീപം നിർദിഷ്ട പദ്ധതി ബാധിക്കുന്ന പ്രദേശവാസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിഫറൽ റിംഗ് റോഡ്-1 (ബംഗളൂരു ബിസിനസ് ഇടനാഴി), നൈസ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മൂലം ആയിരത്തോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിയിലുള്ളത്. വിജ്ഞാപനം ചെയ്ത പ്രദേശത്ത് 330-ഓളം വസ്തുവകകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തുമാകുരു റോഡിന് സമീപമുള്ള തോട്ടദഗുഡ്ഡദഹള്ളി ഗ്രാമത്തിൽ നടന്ന യോഗത്തിൽ രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്.
നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസിന് (NICE) വഴിവിട്ട സഹായം നൽകാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശ്രമിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. 2003-04 കാലഘട്ടത്തിൽ നഗരവികസന മന്ത്രിയും ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ഏരിയ പ്ലാനിംഗ് അതോറിറ്റി ചെയർമാനുമായിരുന്ന ശിവകുമാർ, നൈസ് ഉടമകളെ സഹായിക്കാനായി കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പകരം വ്യക്തിപരമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
നൈസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ പരാമർശിച്ച കുമാരസ്വാമി, ഒക്ടോബർ 2 മുതൽ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ ബാധിച്ച 50-ലധികം ഗ്രാമങ്ങൾ സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ മാദവാരയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഇലക്ട്രോണിക് സിറ്റി വരെ നീളും.
അതേസമയം, പ്രദേശം സന്ദർശിച്ച് കൃത്യമായ സർവേ നടത്താതെ ഉപഗ്രഹ സർവേയെ മാത്രം അടിസ്ഥാനമാക്കിയാണ് ബിഡിഎ (ബംഗളൂരു വികസന അതോറിറ്റി) വിജ്ഞാപനം ഇറക്കിയതെന്ന് ബാധിതരായ പ്രദേശവാസികൾ ആരോപിച്ചു. ജനങ്ങളുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് ബിഡിഎ പരിശോധിച്ചിട്ടില്ല. സമീപത്ത് സർക്കാർ ഭൂമി ഉണ്ടായിരുന്നിട്ടും അത് ഒഴിവാക്കി സ്വകാര്യ ഭൂമി ഏറ്റെടുക്കാനാണ് ശ്രമമെന്നും, തങ്ങൾ എതിർത്താലും പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ വ്യക്തമാക്കി. 2007-ൽ ആദ്യ വിജ്ഞാപനം വന്ന പദ്ധതിയുടെ ലിങ്ക് റോഡിനായുള്ള അന്തിമ വിജ്ഞാപനം കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]