ബെംഗളൂരു: ഡ്രോണുകൾ മുതൽ ആധുനിക കാർഷിക യന്ത്രങ്ങൾ വരെ അണിനിരക്കുന്ന പ്രമുഖ കാർഷിക-തോട്ടവിള പ്രദർശനമായ ‘അഗ്രികോൺ-ഹോർട്ടി കണക്ട് ഇന്ത്യ 2026’ ഒക്ടോബർ 1 മുതൽ 3 വരെ ബെംഗളൂരു അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിൽ (BIEC) നടക്കും. മെസ്സെ മ്യൂൺചെൻ ഇന്ത്യയും ഹോർട്ടി കണക്ട് ഗ്ലോബലും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കർഷകർ, കർഷക ഉൽപാദക സംഘടനകൾ (എഫ്.പി.ഒ), വിതരണക്കാർ, പ്രമുഖ ബയർമാർ, കയറ്റുമതിക്കാർ, നയരൂപീകരണ വിദഗ്ധർ, അന്താരാഷ്ട്ര വ്യവസായ സംരംഭകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
കാർഷിക സാങ്കേതികവിദ്യ, യന്ത്രവൽകരണം, വിള സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂറ്റമ്പതിലേറെ പ്രമുഖ പ്രദർശകർ പരിപാടിയിൽ പങ്കാളികളാകും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി മുപ്പതിനായിരത്തിലേറെ വ്യവസായ പ്രൊഫഷണലുകളും മുപ്പത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഹരിതഗൃഹ കൃഷി രീതികൾ, ജലസേചന സംവിധാനങ്ങൾ, കൃഷി യന്ത്രങ്ങൾ, അഗ്രിടെക്, ഡ്രോണുകൾ, വിത്തുകൾ, വിളവെടുപ്പാനന്തര സാങ്കേതികവിദ്യകൾ, ധനകാര്യ-കയറ്റുമതി സേവനങ്ങൾ തുടങ്ങി വിപുലമായ മേഖലകളെ ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കുന്നത്. ആതിഥേയ സംസ്ഥാനമായ കർണാടകയുടെ കാർഷിക മേഖലയിലെ നേട്ടങ്ങളും കരുത്തും വിളിച്ചോതുന്ന പ്രത്യേക പവലിയനും മേളയിൽ സജ്ജീകരിക്കും.
ആധുനിക സാങ്കേതികവിദ്യകളും വിജ്ഞാനവും നേരിട്ട് പകർന്നു നൽകുന്നതിലൂടെ കേവല ചർച്ചകൾക്കപ്പുറം കർഷകർക്കും സംരംഭകർക്കും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഈ മേള വഴിയൊരുക്കുമെന്ന് മെസ്സെ മ്യൂൺചെൻ ഇന്ത്യ സി.ഇ.ഒ ഭൂപീന്ദർ സിംഗ് പറഞ്ഞു. കർഷകർക്ക് മികച്ച നടീൽ വസ്തുക്കളും അത്യാധുനിക സാങ്കേതികവിദ്യകളും നേരിട്ട് കണ്ട് മനസ്സിലാക്കാനും വിദഗ്ധരുമായി സംവദിച്ച് വ്യക്തമായ നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇത് സഹായിക്കുമെന്ന് ഹോർട്ടി കണക്ട് ഗ്ലോബലിന്റെ എസ്.കെ. ഗുഡ്ഗുട്ടിയ വ്യക്തമാക്കി.
