ബെംഗളൂരു: മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ വർഷം ആറ് കടുവകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ‘വള മാഫിയ’യാണെന്ന സംശയത്തെ തുടർന്ന് അതിർത്തി കടന്നെത്തുന്ന കന്നുകാലികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി വനംവകുപ്പ്. തമിഴ്നാട്ടിൽ നിന്ന് കർണാടകയിലെ കാടുകളിലേക്ക് മേയാൻ കൊണ്ടുവരുന്ന പശുക്കളെ വനം ഉദ്യോഗസ്ഥർ അതിർത്തിയിൽ നിന്ന് തന്നെ തിരിച്ചയക്കുകയാണ്. പ്രദേശത്ത് വൻ വരൾച്ച തുടരുന്നതിനിടയിലാണ് വനംവകുപ്പ് നടപടികൾ കർശനമാക്കിയത്.
അഞ്ച് കടുവകളെ വിഷം കൊടുത്തു കൊന്നു; പിന്നിൽ വള മാഫിയ
തമിഴ്നാട്ടിൽ നിന്ന് ആയിരക്കണക്കിന് പശുക്കളെ കൊണ്ടുവന്ന് മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ ഹൂഗ്യം വനമേഖലയിൽ വിടുന്നതാണ് മാഫിയയുടെ രീതി. ഇതിനിടെ ഒരു അമ്മ കടുവയും നാല് കുഞ്ഞുങ്ങളും ചേർന്ന് ഒരു പശുവിനെ വേട്ടയാടി കൊന്നിരുന്നു. ഇതിൽ ക്ഷുഭിതരായ ആളുകൾ ചത്ത പശുവിന്റെ ജഡത്തിൽ വിഷം കലർത്തുകയും, അത് കഴിച്ച് അഞ്ച് കടുവകൾ ചത്തൊടുങ്ങുകയുമായിരുന്നു. മറ്റൊരു സംഭവത്തിൽ പച്ചെഡോഡി പട്രോളിംഗ് മേഖലയിൽ വച്ച് ഒരു കടുവ കൊല്ലപ്പെടുകയും ശരീരം മൂന്ന് കഷണങ്ങളാക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.
അതിർത്തിയിൽ ചെക്ക് പോസ്റ്റും വിവരശേഖരണവും
കടുവകൾ കൂട്ടത്തോടെ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിർത്തി കടന്നുള്ള കന്നുകാലികളുടെ വരവ് തടയാൻ വനംവകുപ്പ് പുതിയ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. പ്രാദേശിക കർഷകരുടെ കൈവശമുള്ള പശുക്കളുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കന്നുകാലികളുടെ വിസർജ്യത്തിൽ നിന്ന് വൻതോതിൽ ജൈവവളം നിർമ്മിക്കുന്ന സംഘങ്ങളാണ് തമിഴ്നാട്ടിൽ നിന്ന് പശുക്കളെ വനത്തിനുള്ളിലേക്ക് തള്ളുന്നത്. വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വള മാഫിയക്കെതിരെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വരൾച്ച കടുത്തു; ഹനൂർ മേഖലയിൽ ജലക്ഷാമം രൂക്ഷം
അതിരൂക്ഷമായ വരൾച്ചയാണ് ചാമരാജനഗർ ജില്ലയിൽ നിലനിൽക്കുന്നത്. ഹനൂർ മേഖലയിലെ ജനങ്ങളും കന്നുകാലികളും കുടിവെള്ളവും തീറ്റയുമില്ലാതെ കടുത്ത ദുരിതത്തിലാണ്. തദ്ദേശീയമായ കന്നുകാലികൾക്ക് തന്നെ തീറ്റയും വെള്ളവും തികയാത്ത സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പശുക്കൾ കൂടി എത്തുന്നതും കാടിന്റെ ആവാസവ്യവസ്ഥ തകർക്കുന്നതും തടയാനാണ് വനം വകുപ്പിന്റെ ഈ കടുത്ത തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]