ഡൽഹി: വ്യാജ അഥവാ അനലോഗ് പാലുൽപ്പന്നങ്ങൾ അടങ്ങിയ വിഭവങ്ങൾ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കെതിരെ സീറോ ടോളറൻസ് (Zero Tolerance) നയം പ്രഖ്യാപിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. യഥാർത്ഥ പാലിൽ നിന്നുള്ള പനീയർ, ചീസ് എന്നിവയ്ക്ക് പകരം കുറഞ്ഞ ചെലവിൽ സസ്യഎണ്ണകളും മറ്റും ചേർത്ത് നിർമ്മിക്കുന്ന ഇത്തരം വിഭവങ്ങൾ വിൽക്കുന്ന പങ്കാളിത്ത റെസ്റ്റോറന്റുകളെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ വ്യാപക പരിശോധനകൾക്കും ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടത്തിയ പരിശോധനകൾക്കും പിന്നാലെയാണ് സൊമാറ്റോയുടെ നിർണായക തീരുമാനം. തങ്ങളുടെ മെനുവിൽ ‘അനലോഗ് ഡെയറി’ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ റെസ്റ്റോറന്റുകളുടെ അത്തരം വിഭവങ്ങൾ ഇതിനോടകം പ്ലാറ്റ്‌ഫോമിൽ നിന്ന് സൊമാറ്റോ നീക്കം ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് കൃത്യവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് പങ്കാളികൾക്കയച്ച സന്ദേശത്തിൽ സൊമാറ്റോ വ്യക്തമാക്കുന്നു. വ്യാജ പാലുൽപ്പന്നങ്ങൾ അടങ്ങിയ വിഭവങ്ങൾ മെനുവിൽ നിന്ന് ഉടനടി നീക്കം ചെയ്യാനും യഥാർത്ഥ പാലുൽപ്പന്നങ്ങളിലേക്ക് മാറാനും റെസ്റ്റോറന്റുകളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണക്കാരിൽ നിന്ന് വാങ്ങുന്ന ചേരുവകളുടെ ലേബലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റുകളെ ആപ്പിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യുന്നതിന് പുറമെ, ഇത്തരം വിഭവങ്ങൾ വിതരണം ചെയ്യുന്നത് മൂലം കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ ബന്ധപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുമെന്നും സൊമാറ്റോ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്കും മികച്ച ഭക്ഷണ വിതരണത്തിനും വേണ്ടിയാണ് ഈ നയം നടപ്പിലാക്കുന്നതെന്ന് സൊമാറ്റോ സിഇഒ ആദിത്യ മംഗ്ല വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]