മൈസൂരു ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കും; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകവും പുതുമയുള്ളതുമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡിയുമായും സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. ദസറയുടെ പരമ്പരാഗത പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ പുതുതലമുറയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ടോർച്ച് ലൈറ്റ് പരേഡ് ഉൾപ്പെടെയുള്ളവ കൂടുതൽ മനോഹരമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദസറ ഘോഷയാത്രയിൽ മൈസൂരു കലാകാരന്മാരുടെ ടാബ്ലോകൾ ഉൾപ്പെടുത്തുന്നതിനായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. നാടൻ കലാരൂപങ്ങളുടെ ആവർത്തനവും ഒരേ കലാകാരന്മാരുടെ സ്ഥിരം പ്രകടനങ്ങളും ഇത്തവണ ഒഴിവാക്കും. മുൻവർഷങ്ങളിൽ വരൾച്ച കാരണം ആഘോഷങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ നിർദേശങ്ങൾ ഉയർന്നുവെങ്കിലും, സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിനാൽ ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ദസറ ആഘോഷങ്ങളുടെ ഭാഗമായി കമ്പള മത്സരവും സംഘടിപ്പിക്കും.

അതേസമയം, ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മൈസൂരു കൊട്ടാരത്തിലെത്തിയ ആദ്യ ബാച്ചിലെ ഒമ്പത് ആനകളുടെ പരമ്പരാഗത ഭാരപരിശോധന പൂർത്തിയായി. 5,790 കിലോഗ്രാം ഭാരവുമായി ‘ശ്രീകാന്ത’ എന്ന ആനയാണ് തൂക്കത്തിൽ ഒന്നാമതെത്തിയത്. ഞായറാഴ്ച രാവിലെ കൊട്ടാരത്തിൽ നിന്നും പാപ്പാന്മാർക്കൊപ്പം സായിറാം വേയ് ബ്രിഡ്ജിലേക്ക് ആനയിച്ചാണ് പരിശോധന നടത്തിയത്. വരാനിരിക്കുന്ന ജംബോ സവാരിക്ക് മുന്നോടിയായി ആനകളുടെ ശാരീരികശേഷിയും ദിനചര്യയിലെ ഭക്ഷണക്രമവും കൃത്യമായി നിർണയിക്കാനാണ് എല്ലാ വർഷവും ഈ പരിശോധന നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts