ബെംഗളൂരു: പൊതുജനങ്ങൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുന്നതിനുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘പ്രജാസേവാ അഭിയാൻ’ എന്ന നൂതന പദ്ധതി നടപ്പിലാക്കുന്നു. പബ്ലിക് സർവീസ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ഈ പ്രചാരണ പരിപാടി സെപ്റ്റംബർ 5 മുതൽ വിജയനഗര ജില്ലയിലെ കുഡ്‌ലിഗിയിൽ നിന്നാണ് ആരംഭിക്കുന്നത്. ഭരണനിർവ്വഹണം ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ ശനിയാഴ്ചകളിലും താലൂക്ക്, ഹോബ്ലി തലങ്ങളിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കും.
മുൻകാലങ്ങളിൽ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കാത്തപ്പോഴും സേവനങ്ങൾ തടസ്സപ്പെടുമ്പോഴും ജനങ്ങൾ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നേരിട്ട് കണ്ട് പരിഹാരം തേടേണ്ട അവസ്ഥയായിരുന്നു. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഏതുതരത്തിലുള്ള പരാതികളും തൽക്ഷണം സർക്കാരിനെ അറിയിക്കാനും യോഗങ്ങളിൽ വച്ചുതന്നെ വേഗത്തിൽ പരിഹാരം കണ്ടെത്താനും സാധിക്കും. ഗ്രാം വൺ കേന്ദ്രങ്ങൾ വഴിയും യോഗ സ്ഥലത്ത് നേരിട്ടും മുൻകൂട്ടി അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമുണ്ടാകും. ഭരണസംവിധാനത്തിൽ സുതാര്യത കൊണ്ടുവരുന്നതിനും ജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന ഈ കാമ്പയിൻ മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃകയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊതുസേവന പ്രചാരണ യോഗങ്ങളുടെ പ്രധാന വിവരങ്ങൾ:
ഒന്നും മൂന്നും ശനിയാഴ്ചകൾ: ജില്ലാ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ താലൂക്ക് തല യോഗം നടക്കും.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ: പ്രാദേശിക എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക്/ഹോബ്ലി തല യോഗം സംഘടിപ്പിക്കും.
മുൻകൂട്ടി വിവരമറിയിക്കൽ: യോഗം നടക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും.
സാങ്കേതിക വിദ്യയുടെ ഉപയോഗം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത കോൾ സെന്ററുകൾ വഴി ഓരോ പൗരനും ഓട്ടോമേറ്റഡ് ഓഡിയോ കോളുകൾ ലഭിക്കും.
അപേക്ഷാ സമർപ്പണം: ഗ്രാം വൺ വഴി മുൻകൂട്ടിയോ, യോഗസ്ഥലത്ത് നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം.
മൂന്ന് ഘട്ടങ്ങളുള്ള പരാതി അവലോകന സംവിധാനം:
താലൂക്ക് തലം: എല്ലാ ബുധനാഴ്ചയും രാവിലെ 9 മുതൽ 11 വരെ തഹസിൽദാരുടെയും ഇ.ഒ.യുടെയും നേതൃത്വത്തിൽ പരിശോധന.
സബ് ഡിവിഷൻ തലം: ബുധനാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ എ.സി. തല പരിശോധന.
ജില്ലാ തലം: ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ ജില്ലാ കളക്ടറുടെ (ഡി.സി) നേതൃത്വത്തിലുള്ള അവലോകനം.
സ്വീകരിക്കപ്പെടുന്ന അപേക്ഷകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവ സ്വയമേവ ബന്ധപ്പെട്ട വകുപ്പ് മേധാവിയിലേക്ക് കൈമാറുന്ന വിധത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പൊതുജനങ്ങൾക്ക് 1902 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും പ്രത്യേക വെബ്‌സൈറ്റും ഉപയോഗിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]