കർണാടകയിലെ ട്രെക്കിങ് ഇനി ‘അത്ര എളുപ്പമല്ല’! മനുഷ്യൻ കാടുകയറും മുൻപ് വനംവകുപ്പ് വരും

ബെംഗളൂരു: വനമേഖലകളിലെയും വന്യജീവി സങ്കേതങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കർണാടകയിലുടനീളം ട്രെക്കിങ്ങിനും ഇക്കോ-ട്രെയിൽ പ്രവർത്തനങ്ങൾക്കും സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) പുറപ്പെടുവിച്ച് വനംവകുപ്പ്. വനത്തിനുള്ളിലെ അപകടങ്ങളും വന്യജീവി ആക്രമണങ്ങളും വർധിച്ച സാഹചര്യത്തിലാണ് നടപടി. വനം വകുപ്പിന് കീഴിലുള്ള 39 പ്രധാന ട്രെക്കിങ് പാതകളിലും പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും.

പാതകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് റൂട്ട് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി ക്ലിപ്പ് ചെയ്യുന്നതിലൂടെ തിരക്ക് ഒഴിവാക്കാനും കൃത്യമായ നിരീക്ഷണത്തിന് സാധിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ഓരോ ട്രെക്കിങ് സംഘത്തെയും നയിക്കാനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും പ്രാദേശിക ഗൈഡുകളെ ചുമതലപ്പെടുത്തും. മൊബൈൽ നെറ്റ്‌വർക്ക് കുറവുള്ള വനമേഖലകളിൽ ജി.പി.എസ് അധിഷ്ഠിത കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ട്രാക്കിങ് രീതികളും നടപ്പിലാക്കും.

പാതകളിൽ കൃത്യമായ ദിശാസൂചകങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ബേസ് ക്യാമ്പുകളിൽ പ്രാഥമിക സൗകര്യങ്ങൾ എന്നിവയൊരുക്കി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. കടുവ, പുള്ളിപ്പുലി, ആന, കരടി തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ട്രെക്കിങ് പൂർണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. വനംവകുപ്പ് ജീവനക്കാർ, പോലീസ്, ദുരന്തനിവാരണ സേന (SDRF), ഡ്രോണുകൾ, പ്രാദേശിക ജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തന സംവിധാനവും മാനദണ്ഡങ്ങളുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

എം.എം. ഹിൽസിലുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണം, കുടകിലെ തടിയണ്ടമോൾ മലനിരകളിൽ ട്രെക്കറെ കാണാതായ സംഭവം, ചിക്കമഗളൂരുവിലെ ബന്ദാജെ വെള്ളച്ചാട്ടത്തിലുണ്ടായ അപകടം എന്നിവ മുൻനിർത്തിയാണ് കർശന തീരുമാനങ്ങളിലേക്ക് സർക്കാർ കടന്നത്. വനംവകുപ്പ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും അവരെ കറുത്ത പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാകുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി പാതകൾ തുറന്നുകൊടുക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts