മംഗലാപുരം റെയിൽവേ തർക്കം: കേരളത്തിന്റെ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി; ‘മൈസൂർ ഡിവിഷൻ മാറ്റം ഭരണപരം’

ബംഗളൂരു: മംഗലാപുരം റെയിൽവേ യൂണിറ്റ് മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ കേരളത്തിൽ ഉയർന്നുവരുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. വിഷയത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ്ണമായും സാങ്കേതികവും ഭരണപരവുമായ വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തുമകൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗലാപുരം റെയിൽവേ മേഖലയെ പ്രത്യേക ഡിവിഷനാക്കണമെന്ന ആവശ്യം കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന ഒന്നാണ്. മുൻ കാലങ്ങളിൽ പല റെയിൽവേ മന്ത്രിമാരും ജനപ്രതിനിധികളും ഇതിനായി ശ്രമിച്ചിരുന്നു. ഈ വിഷയത്തിൽ വ്യക്തമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മംഗലാപുരം എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട സമീപിച്ചതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. മൂന്ന് റെയിൽവേ ജനറൽ മാനേജർമാരെ നേരിട്ടെത്തിച്ച് പ്രയോജനങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും വിലയിരുത്തിയിരുന്നു. ഭരണപരവും സാങ്കേതികവുമായ അവലോകനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ മംഗലാപുരവും പാലക്കാടും തമ്മിൽ ഏകദേശം 350 കിലോമീറ്ററോളം ദൂരമുണ്ട്. എന്നാൽ മംഗലാപുരം യൂണിറ്റിനെ മൈസൂർ ഡിവിഷനുമായി ബന്ധിപ്പിക്കുന്നതോടെ ഈ ദൂരം 80 മുതൽ 100 കിലോമീറ്ററായി കുറയും. ഇത് റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും ഭരണപരമായ കാര്യങ്ങൾക്കും കൂടുതൽ വേഗത നൽകുമെന്നാണ് വിലയിരുത്തൽ. തീരുമാനം നടപ്പിലാക്കി ഒരു വർഷത്തിനുശേഷം ഇതിന്റെ ഗുണദോഷങ്ങൾ വീണ്ടും അവലോകനം ചെയ്യാൻ തയ്യാറാണെന്നും സോമണ്ണ അറിയിച്ചു.

മംഗലാപുരം യൂണിറ്റ് മൈസൂരിലേക്ക് മാറ്റുന്നതിനെതിരെ യു.ഡി.എഫ്, സി.പി.ഐ, സി.പി.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ നടത്തുന്ന പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, താൻ കേന്ദ്ര ഗവൺമെന്റിന്റെ മന്ത്രിയാണെന്നും കേരളത്തിന് യാതൊരുവിധ ദ്രോഹവും ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ ഈ പ്രതിഷേധങ്ങളിൽ എനിക്ക് ആശങ്കയില്ല. കേരളത്തിന് അവരുടെ സംസ്ഥാനത്ത് എന്തുവേണമെങ്കിലും ചെയ്യാം,” അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ച് മുന്നോട്ടുപോകണമെന്ന കർണാടക സർക്കാരിന്റെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചു.

കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരവും വിദ്യാഭ്യാസ-വ്യാവസായിക കേന്ദ്രവുമാണ് മംഗലാപുരം. ചരക്ക് ഗതാഗതവും ഇറക്കുമതി-കയറ്റുമതിയും കൂടുതൽ ഊർജ്ജിതമാക്കാൻ റെയിൽവേ ഭരണകേന്ദ്രം പ്രദേശത്തോട് അടുത്തുവരുന്നത് സഹായിക്കും. കേരളം തുറമുഖ വികസനത്തിന് മുൻഗണന നൽകുന്നത് പോലെ കർണാടകയ്ക്ക് മംഗലാപുരം തുറമുഖം നിർണ്ണായകമാണ്. പുതിയ മാറ്റത്തിലൂടെ മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിൽ-വികസന അവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts