ബെംഗളൂരു: ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് കനത്ത തിരിച്ചടിയായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോൾ നിരക്കുകൾ വർധിപ്പിച്ചു. നെലമംഗല-ദേവിഹള്ളി പാതയിലെ ടോൾ പ്ലാസകളിലാണ് ഇന്ന് (സെപ്റ്റംബർ 1) അർദ്ധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിരക്ക് കൂട്ടിയത്. വാഹനങ്ങളുടെ തരം അനുസരിച്ച് 5 രൂപ മുതൽ 10 രൂപ വരെയാണ് വർധന വരുത്തിയിരിക്കുന്നത്. നെലമംഗല-ദേവിഹള്ളി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടോൾ പ്ലാസകളിലാണ് ഈ വിലവർധനവ് നടപ്പിലാക്കുന്നത്.
ടോൾ നിരക്കുകളിലെ മാറ്റങ്ങൾ
പുതുക്കിയ നിരക്കുകൾ പ്രകാരം ഫാസ്റ്റ് ടാഗുള്ള കാറുകൾ, ജീപ്പുകൾ, വാനുകൾ, ചെറുവാഹനങ്ങൾ (LMV) എന്നിവയ്ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 85 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു. ലഘു വാണിജ്യ വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും വൺവേ നിരക്ക് 100 രൂപയിൽ നിന്ന് 105 രൂപയായും ഒരു ദിവസത്തെ റിട്ടേൺ യാത്രയ്ക്ക് 155 രൂപയായും വർധിച്ചു. ബസുകൾക്കും ട്രക്കുകൾക്കും ഒരു വശത്തേക്ക് ഇനി മുതൽ 310 രൂപ നൽകണം. മുൻപ് ഇത് 205 രൂപയായിരുന്നു. മൾട്ടി-ആക്സിൽ, വൻകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 330 രൂപയിൽ നിന്ന് 495 രൂപയായാണ് നിരക്ക് കുത്തനെ ഉയർത്തിയത്.
ജനരോഷം ശക്തമാകുന്നു
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വരൾച്ചയ്ക്കും ഇടയിൽ പെട്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് മേൽ ടോൾ നിരക്ക് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാഹനം വാങ്ങുമ്പോൾ തന്നെ എല്ലാത്തരം നികുതികളും ഒടുക്കുന്ന തങ്ങളിൽ നിന്ന് വീണ്ടും ഭീമമായ തുക ടോൾ ഇനത്തിൽ ഈടാക്കുന്നതിനെതിരെ വാഹന ഉടമകളും കർഷകരും രംഗത്തെത്തി. സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഈ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്ത് കടുത്ത അമർഷമാണ് ജനങ്ങൾക്കിടയിൽ ഉയരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]