ബെംഗളൂരു : ചിത്രദുർഗയിൽ ദളിത് കോളേജ് വിദ്യാർഥിനിയെ കൊന്നുകത്തിച്ച ആൺസുഹൃത്ത് അറസ്റ്റിൽ. കോവേരഹട്ടി സ്വദേശിനി വർഷിതയെ(19) കൊലപ്പെടുത്തിയ സുഹൃത്ത് ചേതനാണ് പിടിയിലായത്. വർഷിതയെ ശ്വാസംമുട്ടിച്ചു കൊന്നതിനുശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.
തന്നോട് അടുപ്പംപുലർത്തുന്നതിനിടെ മറ്റൊരാളുമായി പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ചേതൻ മൊഴി നൽകി. ചിത്രദുർഗയിലെ വനിതാ കോളേജിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ വർഷിത നഗരത്തിലെ എസ്‌സി-എസ്ടി പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റ് 14-ന് ഇവിടെനിന്ന് വീട്ടിലേക്കു പോയശേഷം കണാതാകുകയായിരുന്നു.
മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ദേശീയപാതയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ലൈംഗികപീഡനം നടന്നതായും സംശയിക്കപ്പെട്ടിരുന്നു. വർഷിതയുമായി അടുപ്പമുണ്ടായിരുന്നവരെയും കാണാതായദിവസം ഫോണിൽ സംസാരിച്ചവരെയും ചോദ്യം ചെയ്തപ്പോഴാണ് ചേതനാണ് കൊല നടത്തിയതെന്ന് വ്യക്തമായത്.
വർഷിതയെ കാണാതായ ദിവസംതന്നെയായിരുന്നു കൊലപാതകം. ഹോസ്റ്റലിൽ നിന്നിറങ്ങിയ വർഷിതയും താനും വിജനമായ സ്ഥലത്തേക്ക് പോകുകയായിരുന്നെന്നും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നും ചേതൻ പറഞ്ഞു. പിന്നീട് വർഷിതയെ അടിച്ചുവീഴ്ത്തിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് പെട്രോൾ ഒഴിച്ചുകത്തിച്ചെന്നുമാണ് ഇയാളുടെ മൊഴി.
ചേതൻ അർബുദബാധിതനാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ, വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിച്ച് ദളിത് സംഘടനകൾ രംഗത്തുവന്നു. വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]