ബെംഗളൂരു: നഗരത്തിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്നവർ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണ്.
ഏപ്രിൽ 10 മുതൽ മൈസൂരു സന്ദർശിക്കുമ്പോൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ്19 ആർടി–പിസിആർ ടെസ്റ്റ് റിപ്പോർട്ട് വേണം എന്ന് മൈസുരു ജില്ലാ കമ്മീഷണർ രോഹിണി സിന്ധുരിയാണ് അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്.
റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കാൻ വരുന്നവരും ഇതിൽ ഉൾപ്പെടും. ബെംഗളൂരു നഗര ജില്ലയിലെ കോവിഡ് കേസുകളുടെ വർദ്ധനവ് മൂലമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ജോലി, ബിസിനസ്സ് ആവശ്യങ്ങൾക്കായി നിരവധി പേർ ദിവസേന മൈസൂരുവിനും ബെംഗളൂരുവിനുമിടയിൽ യാത്രചെയ്യുന്നു. ഒരു വിനോദസഞ്ചാര കേന്ദ്രമായതിനാൽ നിരവധി വിനോദ സഞ്ചാരികൾ സംസ്ഥാന തലസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് യാത്രചെയ്യുന്നു.അതിനാൽ, മൈസുരുവിൽ ദിനംപ്രതി, കോവിഡ് വ്യാപനത്തിന്റെ വർദ്ധനവ് കൂടി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് കമ്മീഷണർ പറഞ്ഞു.
“ഇതിനാൽ ബെംഗളൂരുവിൽ നിന്ന് മൈസുരു ജില്ലയിലേക്ക് പോകുന്നവർക്ക് കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് (72 മണിക്കൂറിൽ കൂടുതൽ പഴയതല്ല) ഉണ്ടായിരിക്കുന്നത് ഉചിതമാണ്. ഉപദേശങ്ങൾ പാലിച്ച് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു,” എന്നും മൈസുരു ജില്ലാ കമ്മീഷണർ പറഞ്ഞു.
അതേ സമയം പരിശോധനക്കായി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കില്ല എന്നും അവർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.