ബെംഗളൂരു ∙ സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണിന്റെ ഓണാഘോഷം ‘വർണങ്ങൾ–2017’ ഇന്നു ഹെബ്ബാൾ മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും. അർബുദത്തിനെതിരായ പോരാട്ടത്തിനു തുടക്കമിട്ടുള്ള ആഘോഷം രാവിലെ 9.30നു കേരള സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെഗൗഡ അധ്യക്ഷത വഹിക്കും. നടി മഞ്ജു വാരിയർ മുഖ്യാതിഥി ആയിരിക്കും.
കൊത്തന്നൂർ സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫൈറ്റ് എഗെൻസ്റ്റ് കാൻസർ (അർബുദത്തിനെതിരായ പോരാട്ടം) പദ്ധതിയും സൗജന്യ സ്താനാർബുദ നിർണയ ക്യാംപും മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്യും. തുടർന്നു കേരള കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അർബുദ ബോധവൽക്കരണ സെമിനാറിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിലെ ഡോ.തോമസ് വർഗീസ് ക്ലാസ് നയിക്കും. തുടർന്നു സോൺ കുടുംബാംഗങ്ങളുടെ കലാപരിപാടികളും പിന്നണി ഗായിക റിമി ടോമി നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്നു സോൺ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ, കൺവീനർ എൻ.എസ്.സന്തോഷ് എന്നിവർ അറിയിച്ചു.