കേരള ആർടിസി ബസിൽ കത്തി ചൂണ്ടി കൊള്ള;ഒരാള്‍ പിടിയില്‍.

ബെംഗളൂരു ∙  കേരള ആർടിസി സൂപ്പർഫാസ്റ്റിലെ യാത്രക്കാരെ ബൈക്കിലെത്തിയ നാലുപേർ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കവർച്ചക്കാരിൽ ഒരാളെ വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ബാക്കി മൂന്നുപേർ കൂടി ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കു വരുകയായിരുന്ന ബസ് ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെ ബെംഗളൂരു–മൈസൂരു ദേശീയപാതയിലെ ചന്നപട്ടണയിൽ എത്തിയപ്പോഴാണു സംഭവം. പ്രാഥമികാവശ്യം നിർവഹിക്കാനായി പുറത്തിറങ്ങണമെന്നു യാത്രക്കാരിലൊരാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണു ബസ് നിർത്തിയത്. ഈസമയം അക്രമികൾ ചാടിക്കയറുകയായിരുന്നു.

തുടർന്ന് യാത്രക്കാരുടെ കഴുത്തിൽ കത്തി വച്ച് രണ്ടു സ്ത്രീകളുടെ ഒന്നേമുക്കാൽ പവന്റെയും രണ്ടേമുക്കാൽ പവന്റെയും സ്വർണമാല, ബസിനു പുറത്തിറങ്ങിയ യാത്രക്കാരന്റെ പഴ്സ്, ബാഗ് എന്നിവ തട്ടിയെടുത്തു. ഉടൻ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ കവർച്ചക്കാർ ബസിൽ കുടുങ്ങിയെങ്കിലും പുറത്തിറങ്ങിയ യാത്രക്കാരൻ തിരികെ കയറിയില്ലെന്നറിഞ്ഞു വീണ്ടും നിർത്തേണ്ടിവന്നു. ഇതിനിടെ അക്രമികൾ ഇറങ്ങിയോടി. യാത്രക്കാരിൽ ചിലർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നതിനാൽ കവർച്ചക്കാരെ പിടികൂടാനായില്ല. ഷാൾകൊണ്ടു മുഖം മറച്ചിരുന്ന നാലുപേരും ഒരു ബൈക്കിലാണ് എത്തിയത്. ബഹളത്തിനിടെ മുഖത്തെ ഷാൾ മാറി മുഖം ദൃശ്യമായതാണു കുറ്റവാളികളിൽ ഒരാളെ പിടികൂടാൻ സഹായകമായത്.

കേസെടുത്ത ചന്നപട്ടണ പൊലീസ് ഒട്ടേറെപ്പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ ഒരാളെയാണു ബസിന്റെ ഡ്രൈവർ ജമാലുദ്ദീൻ ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞത്. കേരള സർക്കാർ ഇടപെട്ടതോടെയാണു കർണാടക കേസ് അന്വേഷണം ഊർജിതമാക്കിയത്. മണ്ഡ്യ എസ്പിയുടെ നേതൃത്വത്തിൽ ഒട്ടേറെപ്പേരെ തിരിച്ചറിയൽ പരേഡിനു ഹാജരാക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും ഇവരെ പിന്നാലെ വന്ന ബസുകളിൽ കയറ്റി ബെംഗളൂരുവിൽ എത്തിച്ചതായും കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു.

സുരക്ഷിതത്വം കൂടുതൽ ഉണ്ടെന്നതിനാലാണ് കുടുംബത്തോടൊപ്പം കേരള ആർടിസി ബസിൽ യാത്ര ചെയ്യുന്നത്. ഇത്തരം അനുഭവം ആദ്യമാണെന്നു കവർച്ചക്കാരുടെ ഭീഷണി നേരിട്ട യാത്രക്കാരൻ വയനാട് മേപ്പാടി സ്വദേശി നൗഷാദ് പറയുന്നു. സഹോദരിയുടെ രണ്ടേമുക്കാൽ പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. കവർച്ചക്കാരിലൊരാൾ എന്റെ പോക്കറ്റിൽ പിടിച്ചപ്പോഴാണ് എഴുന്നേറ്റത്. കൈ തട്ടിമാറ്റിയപ്പോൾ ഇയാൾ സഹോദരിയുടെ മാല പൊട്ടിച്ചു. മാല വലിച്ചു പൊട്ടിച്ചതിനാൽ കഴുത്തിൽ പോറലുമേറ്റു. ചെറിയ വിശ്രമത്തിനായി ബസ് റോഡിൽ ഒതുക്കിയപ്പോഴാണ് സംഭവം.

അക്രമികൾ ഉള്ളിലുള്ളപ്പോൾതന്നെ ഞാൻ ബസ് മുന്നോട്ടെടുത്തതാണ്. അപ്പോഴാണ് ഇറങ്ങിയ യാത്രക്കാർ കയറിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം നിലവിളിച്ചത്. അപ്പോൾ നിർത്തേണ്ടിവന്നു. അവൻമാർ ഇറങ്ങിയോടുകയും ചെയ്തു.  എന്ന് ഡ്രൈവര്‍ ജമാലുദ്ദീൻ അറിയിച്ചു.

അക്രമികൾ കന്നഡയാണു സംസാരിച്ചത്. . ഈ ഭാഗത്ത് ഇത്തരം കവർച്ചകൾ മുൻപു നടന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്. അവർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരിലേറെയും ഉറക്കമായിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. ബൈക്കിന്റെ നമ്പർപ്ലേറ്റ് മറച്ചിരുന്നു. മുജീബ്, കണ്ടക്ടർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us