ബെംഗളൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബൂസവാരിയിൽ ചരിത്രത്തിലാദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം (ഫ്ലോട്ട്) അണിനിരന്നു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനതായ കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും വിളിച്ചോതിയ അവതരണം ഘോഷയാത്രയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. കർണാടക സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കേരളം ഈ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായത്.
കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പ് രൂപകൽപ്പന ചെയ്ത നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണം തെയ്യവും കഥകളിയുമായിരുന്നു. അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിച്ച് തെയ്യരൂപവും ശാസ്ത്രീയ കലകളുടെ പ്രതീകമായി കഥകളി രൂപവും ഒരുക്കിയപ്പോൾ, കേരളത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ വ്യക്തമാക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും പ്രകൃതിഭംഗി തുളുമ്പുന്ന തെങ്ങുകളും ഹരിതാഭമായ ദൃശ്യങ്ങളും ഫ്ലോട്ടിൽ ഇടംപിടിച്ചു.
കേരളീയ ചുവർചിത്രങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളിച്ച വള്ളത്തിന്റെ മാതൃക സംസ്ഥാനത്തിന്റെ ജലസാംസ്കാരിക പാരമ്പര്യത്തെയും കായൽസൗന്ദര്യത്തെയും പ്രതിഫലിപ്പിച്ചു. അകമ്പടിയായി ഉയർന്ന തകർപ്പൻ ചെണ്ടമേളവും അവതരണത്തിന് കൂടുതൽ പൊലിമയേകി. കലയും പ്രകൃതിയും സമന്വയിക്കുന്ന കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളും ഇതിലൂടെ ആഗോള ശ്രദ്ധയിലേക്ക് എത്തിക്കാനായി.
ഐ.എ.എസ്. ഉദ്യോഗസ്ഥൻ രത്തൻ യു. കേൽക്കറുടെ ഏകോപന ചുമതലയിൽ, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ ആന്റണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നിർവ്വഹണ ചുമതലകൾ വഹിച്ചത്. ഒക്ടോബർ 21-ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45-ഓടെ ബന്നിമണ്ഡപിൽ സമാപിച്ചു. 53 നിശ്ചലദൃശ്യങ്ങളും 50 കലാസമിതികളും അണിനിരന്ന ഘോഷയാത്രയിൽ കേരളത്തിന് ലഭിച്ച ഈ പങ്കാളിത്തം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായി.
