7 കൊല്ലത്തെ പ്രണയം, വിവാഹത്തിന് തടസ്സമായി ജാതി;ഡോക്ടർക്കെതിരായ ബലാത്സംഗ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ജാതിവ്യത്യാസത്തിന്റെ പേരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് തകരുന്നത് മാത്രം കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

വഞ്ചനാപരമായ വാഗ്ദാനങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 69-ന്റെ ദുരുപയോഗമാണ് ഇത്തരം കേസുകൾ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വർഷങ്ങളോളം പരസ്പര സമ്മതത്തോടെ തുടർന്നിരുന്ന ബന്ധങ്ങൾ പിന്നീട് ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും കോടതി വിമർശിച്ചു.

മംഗളൂരുവിലെ വിവിധ കോളേജുകളിൽ ഡോക്ടർമാരായിരുന്ന യുവതിയും യുവാവും 2017 മുതൽ 2024 വരെ പ്രണയത്തിലായിരുന്നു. എന്നാൽ ജാതിവ്യത്യാസങ്ങളും മറ്റൊരു വിവാഹം കഴിക്കാനുള്ള യുവാവിന്റെ തീരുമാനവും കാരണം ഇവർ തമ്മിലുള്ള വിവാഹം നടന്നിരുന്നില്ല. തുടർന്ന് 2025-ൽ യുവതി മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ്‌ കേസെടുത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വ്യാജ വിവാഹ വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

എന്നാൽ തങ്ങളുടെ ബന്ധം പൂർണ്ണമായും പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഒരിക്കലും വഞ്ചനാപരമായ വാഗ്ദാനങ്ങളുടെ പുറത്തല്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി പ്രതിയായ ഡോക്ടർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബി.എൻ.എസ്. സെക്ഷൻ 69 നിലവിൽ വരുന്നത് 2024 ജൂലൈ 1-നാണെന്നും, എന്നാൽ ഇവർ അതിനും വളരെ മുമ്പ് തന്നെ ബന്ധത്തിലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജാതിവ്യത്യാസങ്ങൾ കാരണമാണ് വിവാഹം നടക്കാതിരുന്നത് എന്നതാണ് പ്രധാന ആരോപണമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച കോടതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് പറയാൻ, തുടക്കം മുതൽ തന്നെ ആ വാഗ്ദാനം പാലിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

പരാതിയിലെ ആരോപണങ്ങൾ പൂർണ്ണമായി അംഗീകരിച്ചാൽ പോലും അത് ബി.എൻ.എസ് പ്രകാരമോ എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഡോക്ടർക്കെതിരെയുള്ള മുഴുവൻ തുടർനടപടികളും റദ്ദാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts