ബെംഗളൂരു : പ്രണയബന്ധത്തിനും വിവാഹത്തിനും വീട്ടുകാർ തടസ്സം സൃഷ്ടിച്ചതിൽ മനംനൊന്ത് അധ്യാപിക തുംഗഭദ്ര ജലസംഭരണിയിൽ ചാടി ആത്മഹത്യ ചെയ്തു. കൊപ്പൽ താലൂക്കിലെ കതരകി ഗ്രാമവാസിയായ സംഗീത മേട്ടിയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു ഇവർ.
ദസറ ഉത്സവ ദിവസം കൊപ്പലിലേക്ക് പോയ സംഗീത, പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വിജയനഗർ ജില്ലയ്ക്ക് സമീപമുള്ള തുംഗഭദ്ര റിസർവോയറിന്റെ കായലിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഗീതയും ബന്ധുവായ വികാസും തമ്മിൽ കഴിഞ്ഞ 14 വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും അറിവുണ്ടായിരുന്നെങ്കിലും വികാസിന്റെ വീട്ടുകാർക്ക് വിവാഹക്കാര്യത്തിൽ ചില എതിർപ്പുകളുണ്ടായിരുന്നു. വികാസിന്റെ സഹോദരൻ വസന്തും ഭാര്യ രേണുകയും വിവാഹത്തിന് മനഃപൂർവ്വം തടസ്സം നിൽക്കുകയായിരുന്നുവെന്നാണ് ആരോപണം.
ജീവനൊടുക്കുന്നതിന് മുമ്പ് സംഗീത എഴുതിവെച്ച മരണക്കുറിപ്പിൽ പ്രണയ പരാജയത്തെക്കുറിച്ചും വിവാഹം തടസ്സപ്പെട്ടതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. വികാസ്, വസന്ത് കൊപ്പാട്, രേണുക എന്നിവരുടെ പേരുകൾ മരണക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നും തന്റെ മരണത്തിന് ഉത്തരവാദികളായ ഇവർക്ക് വധശിക്ഷ നൽകണമെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണക്കുറിപ്പിന്റെ ആധികാരികതയും അതിലെ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
