സംഗീത പരിപാടിക്ക് മുന്നോടിയായി കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി സോനു നിഗം

ബെംഗളൂരു: ഒക്ടോബർ 24-ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന തന്റെ സംഗീത പരിപാടിക്ക് മുന്നോടിയായി ഗായകൻ സോനു നിഗം കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ കന്നഡ ഗാനത്തെക്കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവന പഹൽഗാവ് ആക്രമണവുമായി താരതമ്യം ചെയ്തത് കന്നഡക്കാരുടെ ശക്തമായ രോഷത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ പരിപാടി അനുവദിക്കരുതെന്ന് കർണാടക രക്ഷണ വേദികെ (കെആർവി) പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കന്നഡക്കാരുമായുള്ള ബന്ധം നിലനിർത്താൻ താൻ ആയിരം തവണയും ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി സോനു നിഗം വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.

വീഡിയോ സന്ദേശത്തിലെ പ്രധാന പരാമർശങ്ങൾ

പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഇംഗ്ലീഷിലും കന്നഡയിലുമായാണ് സോനു നിഗം സംസാരിച്ചത്. ഇംഗ്ലീഷിൽ ‘എന്റെ പ്രിയപ്പെട്ട കർണാടക കുടുംബം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കന്നഡയിൽ ‘നന്ന കന്നഡിഗരു’ എന്നും പറഞ്ഞു. കർണാടക രക്ഷണ വേദികെ നേതാവ് ടി.എ. നാരായണ ഗൗഡയുമായി താൻ സംസാരിച്ച കാര്യം പരാമർശിച്ച അദ്ദേഹം, അദ്ദേഹത്തെ ഒരു അത്ഭുതകരമായ വ്യക്തിയായി വിശേഷിപ്പിച്ചു.

“നിങ്ങൾ ഒരാളെ സ്നേഹിക്കുകയും ആ ബന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ആയിരം തവണ ക്ഷമാപണം നടത്താൻ നിങ്ങൾ മടിക്കരുത്. കർണാടകയിലെ എന്റെ കുടുംബാംഗങ്ങളെ, ഞാൻ അറിയാതെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ. ആരെയും വേദനിപ്പിക്കുന്ന ആളല്ല ഞാൻ. കഴിഞ്ഞ 30 വർഷമായി നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും ബഹുമാനവും വലുതാണ്. ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിൽ ആ ബന്ധം മങ്ങുകയോ കയ്പേറിയതാകുകയോ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സോനു നിഗം വീഡിയോയിൽ വ്യക്തമാക്കി.

https://x.com/ians_india/status/2112231849703747668?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2112231849703747668%7Ctwgr%5E05a476c6deecf093b3b27f0789876cc21e55e430%7Ctwcon%5Es1_c10&ref_url=https%3A%2F%2Fvijaykarnataka.com%2Fnews%2Fbengaluru-city%2Fsonu-nigam-apologises-to-kannadigas-over-pahalgam-statement-before-bengaluru-concert%2Farticleshow%2F135067558.cms

വിവാദത്തിന് കാരണമായ ആ പ്രസ്താവന

കഴിഞ്ഞ 2025 ഏപ്രിലിൽ ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളേജിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിവാദമായ ആ സംഭവമുണ്ടായത്. സദസ്സിലുണ്ടായിരുന്ന ഒരാൾ കന്നഡയിൽ പാടാൻ ആവശ്യപ്പെട്ടപ്പോൾ, സോനു നിഗം അതിനോട് പരുഷമായി പ്രതികരിക്കുകയും, ആ രീതിയിലുള്ള സമീപനം പഹൽഗാം ഭീകരാക്രമണത്തിന് കാരണമാണെന്ന് താരതമ്യം ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ഈ പ്രസ്താവന കർണാടകയിലുടനീളം കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കന്നഡ ഗാനം ആലപിക്കാനുള്ള സാധാരണമായ അഭ്യർത്ഥനയെ ഭീകരാക്രമണവുമായി താരതമ്യം ചെയ്തത് കന്നഡിഗരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെആർവി സംസ്ഥാന പ്രസിഡന്റ് ടി.എ. നാരായണ ഗൗഡ ശക്തമായി അപലപിച്ചിരുന്നു. കന്നഡിഗർ ആ അപമാനം മറന്നിട്ടില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവിൽ കനത്ത സുരക്ഷയോടെ പരിപാടി

സോനു നിഗത്തിന്റെ മുൻകാല പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 24-ന് നിശ്ചയിച്ചിരിക്കുന്ന സംഗീത പരിപാടിക്ക് അനുമതി നൽകരുതെന്ന് കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് കത്തുനൽകിയിരുന്നു. പരിപാടി നടന്നാൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നിരുന്നാലും, കന്നഡിഗരോട് പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ട് സോനു നിഗം രംഗത്തെത്തിയതോടെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമായിട്ടുണ്ട്. നിശ്ചയിച്ച പ്രകാരം ഒക്ടോബർ 24-ന് വൈകുന്നേരം 7 മണിക്ക് ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിലെ ‘ഭാരതീയ മാളിൽ’ വെച്ച് ‘ദി റെവല്യൂഷൻ ഇന്ത്യ ടൂറി’ന്റെ ഭാഗമായുള്ള സോനു നിഗത്തിന്റെ സംഗീത പരിപാടി നടക്കും. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts