സംസ്ഥാനത്തിന് പുതിയ ഗവർണർ:

കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു. മുൻ ബി.ജെ.പി എം.പിയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഡോ. സുധ യാദവാണ് കർണാടകയുടെ പുതിയ ഗവർണർ. നിലവിൽ കർണാടക ഗവർണറായി സേവനമനുഷ്ഠിക്കുന്ന തവാർ ചന്ദ് ഗെലോട്ടിന് പകരമായാണ് സുധ യാദവ് ഈ പദവിയിലെത്തുന്നത്. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരിയാനയിലെ മഹേന്ദ്രഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് 1999 മുതൽ 2004 വരെ പതിമൂന്നാം ലോക്‌സഭയിൽ എം.പിയായി സുധ യാദവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് അംഗം, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ അംഗം (2019-2022) എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. റൂർക്കി സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടിയിട്ടുള്ള സുധ യാദവ്, കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ബി.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് സുഖ്ബീർ സിംഗ് യാദവിന്റെ ഭാര്യയാണ്.

കർണാടകയ്ക്ക് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെയും പുതിയ ഗവർണർമാരെയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിം ഗവർണർ സ്ഥാനമൊഴിയുന്ന ഓം പ്രകാശ് മാത്തൂറിനെ കേരള ഗവർണറായി നിയമിച്ചു. തമിഴ്‌നാട് ഗവർണറായി മുൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെയും ഒഡീഷ ഗവർണറായി ബ്രജ് മോഹൻ റാമിനെയും നിയമിച്ചു. ഉത്തരാഖണ്ഡ് ഗവർണറായി ധാൽസിംഗ് ബിസനും സിക്കിം ഗവർണറായി ദുഷ്യന്ത് ഗൗതമിനും നിയമനം ലഭിച്ചു.

കർണാടകയുടെ പുതിയ ഗവർണറായി ചുമതലയേൽക്കുന്ന സുധ യാദവിന് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും നേർന്നു. അവരുടെ വിപുലമായ ഭരണപരിചയവും വിദ്യാഭ്യാസ പശ്ചാത്തലവും കർണാടകയുടെ വികസനത്തിനും ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുതൽക്കൂട്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക്, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts