ക്യാൻസർ കോശങ്ങൾക്ക് ഇനി ഒളിച്ചിരിക്കാനാകില്ല; ബെംഗളൂരു ഡോക്ടർമാരുടെ നിർണായക കണ്ടെത്തൽ

ബെംഗളൂരു: ഓവറിയൻ ക്യാൻസർ വയറിനുള്ളിലേക്ക് പടരുന്നത് (പെരിറ്റോണിയൽ സ്പ്രെഡ്) കണ്ടെത്താൻ നിലവിലുള്ള സി.ടി സ്കാനുകളേക്കാൾ പുതിയ തരം പെറ്റ് സ്കാൻ (FAPI PET) കൂടുതൽ കൃത്യതയുള്ളതാണെന്ന് ബംഗളൂരുവിലെ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഒരു കൂട്ടം ഡോക്ടർമാർ കണ്ടെത്തി. ക്യാൻസർ ബാധിച്ച 200 സ്ത്രീകളിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രശസ്തമായ ‘ജേണൽ ഓഫ് ന്യൂക്ലിയർ മെഡിസിനിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്യാൻസർ കോശങ്ങൾ വയറിന്റെ ഭിത്തികളിലേക്കും ആന്തരാവയവങ്ങളിലേക്കും പടരുന്നതാണ് പെരിറ്റോണിയൽ സ്പ്രെഡ്. രോഗിയുടെ അവസ്ഥയനുസരിച്ച് സർജറിയാണോ അതോ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള കീമോതെറാപ്പിയാണോ വേണ്ടതെന്ന് തീരുമാനിക്കുന്നതിൽ ഈ പടർച്ചയുടെ വ്യാപ്തി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ വയറിനുള്ളിലെ ചെറിയ ക്യാൻസർ പാടുകളും കുടലിനും മറ്റും ചുറ്റുമുള്ള ക്യാൻസർ കോശങ്ങളും സാധാരണ സി.ടി സ്കാനുകളിൽ പലപ്പോഴും വ്യക്തമായി പതിയാറില്ല.

2024 മേയ് മുതൽ 2025 ഏപ്രിൽ വരെ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന പഠനത്തിൽ ശസ്ത്രക്രിയക്ക് വിധേയരായ 200 രോഗികളുടെ സ്കാനിംഗ് റിപ്പോർട്ടുകൾ സർജറിയിലെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുകയായിരുന്നു. സാധാരണ സി.ടി സ്കാനിന്റെ കൃത്യത 78 ശതമാനമായിരുന്നപ്പോൾ FAPI പെറ്റ് സ്കാൻ 86 ശതമാനം കൃത്യത കാണിച്ചു. രോഗവ്യാപ്തി കണ്ടെത്തുന്നതിലുള്ള കഴിവ് സി.ടി സ്കാനിന് 54.6 ശതമാനം മാത്രമായിരുന്നെങ്കിൽ പുതിയ സ്കാനിംഗ് രീതിക്ക് അത് 81.8 ശതമാനമായിരുന്നു.

പുതിയ പെറ്റ് സ്കാൻ ഉപയോഗിച്ചതിലൂടെ പഠനത്തിൽ പങ്കെടുത്ത 18 മുതൽ 21 ശതമാനം വരെ രോഗികളുടെ ചികിത്സാതീരുമാനങ്ങളിൽ നിർണായകമായ മാറ്റങ്ങൾ വരുത്താൻ സാധിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ ആസ്റ്റർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും സർജിക്കൽ ഗൈനക്കോളജിസ്റ്റുമായ ഡോ. സോമശേഖർ എസ്.പി വ്യക്തമാക്കി. ഇന്ത്യയിൽ അപൂർവം ക്യാൻസർ സെന്ററുകളിൽ മാത്രമാണ് നിലവിൽ ഈ സാങ്കേതികവിദ്യ ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ എഫ്.ഡി.ജി (FDG) പെറ്റ് സ്കാനുകൾ ഗ്ലൂക്കോസ് മെറ്റാബോളിസത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടലിലെ സ്വാഭാവിക ചലനങ്ങളും നീർക്കെട്ടുകളും കാരണം ഇവയുടെ ഫലത്തിൽ ആശയക്കുഴപ്പങ്ങൾ വരാം. എന്നാൽ FAPI പെറ്റ് സ്കാൻ ക്യാൻസർ കോശങ്ങൾക്ക് ചുറ്റുമുള്ള ‘ഫൈബ്രോബ്ലാസ്റ്റ് ആക്റ്റിവേഷൻ പ്രോട്ടീനെ’ (FAP) ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് ക്യാൻസർ ബാധിത പ്രദേശങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു. ശസ്ത്രക്രിയക്ക് മുൻപ് രോഗവ്യാപ്തി കൃത്യമായി അറിയാൻ കഴിയുന്നതോടെ ഡയഗ്നോസ്റ്റിക് ലാപ്രോസ്കോപ്പി പോലുള്ള ആവശ്യമില്ലാത്ത മറ്റ് പരിശോധനകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും, എങ്കിലും കൂടുതൽ സെന്ററുകളിൽ ഇതൊരു പഠനവിഷയമാക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts