നിങ്ങൾ മരിച്ചു, പൊയ്ക്കോ! രേഖകളിൽ ഇവർ ‘മരിച്ചവർ’; പക്ഷേ റേഷൻ കടയ്ക്ക് മുന്നിൽ ക്യൂവിൽ! ന​ഗരത്തിൽ അടക്കം നടക്കുന്നത് ഇത്

ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പുറമേ, കർണാടകയിൽ ജീവിച്ചിരിക്കുന്നവരെ ഔദ്യോഗിക രേഖകളിൽ മരിച്ചതായി കാണിച്ച് റേഷൻ കാർഡുകൾ വ്യാപകമായി റദ്ദാക്കുന്നതായി ഗുരുതര ആരോപണം. ഫോം 7 ദുരുപയോഗം ചെയ്ത് വോട്ടർ പട്ടികയിൽ നിന്ന് ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നു എന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ്, പാവപ്പെട്ടവരുടെ ബി.പി.എൽ റേഷൻ കാർഡുകൾ നിശബ്ദമായി റദ്ദാക്കപ്പെടുന്ന വിവരവും പുറത്തുവരുന്നത്.

മാണ്ഡ്യ ജില്ലയിൽ നിന്നുള്ള രണ്ട് സംഭവങ്ങളാണ് നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. പാണ്ഡവപുര താലൂക്കിലെ ഹരുവള്ളി ഗ്രാമവാസിയായ ഗിരിയമ്മ എന്ന വയോധിക റേഷൻ കാർഡ് സ്റ്റാമ്പ് ചെയ്യാൻ ഓഫീസിലെത്തിയപ്പോഴാണ് താൻ ഔദ്യോഗികമായി ‘മരിച്ചു’ എന്ന വിവരമറിയുന്നത്. വിശന്നു വലയുന്ന തനിക്ക് അനർഹമായി റേഷൻ നിഷേധിച്ചതിനെതിരെ ഇവർ ഉദ്യോഗസ്ഥരോട് ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് മാത്രമാണ് താലൂക്ക് ഭരണകൂടം പ്രശ്നം പരിഹരിക്കാൻ തയ്യാറായത്. സമാനമായ രീതിയിൽ മാണ്ഡ്യ ഗുത്തലു സ്വദേശിയായ ഷഫിയുള്ള ഖാൻ എന്നയാൾക്ക് കഴിഞ്ഞ മൂന്ന് മാസമായി റേഷൻ ലഭിച്ചിരുന്നില്ല. അന്വേഷിച്ചെത്തിയ ഇയാൾക്ക് 2024-ൽ തന്നെ താൻ മരണപ്പെട്ടുവെന്ന ഔദ്യോഗിക മരണ സർട്ടിഫിക്കറ്റാണ് മുൻസിപ്പാലിറ്റി അധികൃതർ കൈമാറിയത്.

സർക്കാരിന്റെ ഗൃഹലക്ഷ്മി യോജന ഉൾപ്പെടെയുള്ള പദ്ധതികൾ പുനഃക്രമീകരിക്കുന്നതിന്റെ മറവിലാണ് ഇത്തരത്തിൽ നിർദ്ധനരുടെ റേഷൻ കാർഡുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതെന്ന ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. വോട്ടർ പട്ടികയിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷി കാണിക്കുന്ന ജാഗ്രത, സാധാരണക്കാരെ പട്ടിണിയിലാക്കുന്ന ഇത്തരം റേഷൻ കാർഡ് അട്ടിമറികൾക്കെതിരെയും പൊതുജനങ്ങൾക്കിടയിൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.നീ മരിച്ചു, പൊയ്ക്കോ!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts