ബെംഗളൂരു: കാലതാമസമില്ലാതെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുവേണ്ടി തുടങ്ങിയ 108 ആംബുലൻസുകൾ ലക്ഷ്യം കാണുന്നില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്.
നിശ്ചിതസമയത്തിനുള്ളിൽ 50 ശതമാനം രോഗികൾക്കും ആംബുലൻസിന്റെ സേവനം ലഭിച്ചിട്ടില്ലെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ.
ഹൃദയാഘാതം, ശ്വസതടസ്സം തുടങ്ങിയ ഘട്ടങ്ങളിൽ ആംബുലൻസ് ആവശ്യപ്പെട്ട് 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഇത്തരം കേസുകളിൽ 60 ശതമാനം പേർക്കും 10 മിനിറ്റിന് ശേഷമാണ് ആംബുലൻസ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2014 മുതൽ 2019 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ടാൽ നഗരപ്രദേശങ്ങളിൽ 20 മിനിറ്റുകൊണ്ടും ഗ്രാമപ്രദേശങ്ങളിൽ അരമണിക്കൂർ കൊണ്ടും എത്തുമെന്നാണ് പദ്ധതി തുടങ്ങുമ്പോൾ അറിയിച്ചിരുന്നത്.
എന്നാൽ ഈ സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല. സമയനിഷ്ഠപാലിക്കാത്ത ചില സംഭവങ്ങളും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. 2017 ഡിസംബർ രണ്ടിന് പുലർച്ചെ 4.29-ന് ചിത്രദുർഗയിൽനിന്ന് ആംബുലൻസ് ആവശ്യപ്പെട്ടയാൾക്ക് ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് ലഭിച്ചത്. 18 തവണ ഇയാൾ കോൾസെന്ററുമായി ബന്ധപ്പെട്ടു.
ഹൃദയ സംബന്ധമായ അസുഖമുള്ളയാളെ ആശുപത്രിയിലെത്തിക്കാനാണ് സേവനം ആവശ്യപ്പെട്ടിരുന്നത്. ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടിണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത കോൾ സെന്ററിലേക്ക് നാലുവർഷത്തിനിടെ അടിയന്തര സഹായമാവശ്യപ്പെട്ട് 91.62 ലക്ഷം ഫോൺകോളുകളാണ് ലഭിച്ചത്.
മുഴുവൻ കേസുകളിലും ആംബുലൻസ് ലഭ്യമാക്കാൻ കഴിഞ്ഞുവെങ്കിലും സമയക്ലിപ്തത പാലിക്കുന്നതിൽ പരാജയപ്പെട്ടു. കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാകാത്ത ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയത്.
എന്നാൽ വർഷങ്ങൾ പിന്നിടുമ്പോഴും പദ്ധതി പൂർണ വിജയത്തിലെത്തിയില്ല. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.