കർണാടക നിയമസഭയിൽ സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക്!!

ബെംഗളൂരു: കർണാടക നിയമസഭയിൽ സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക്. ഇന്ന് ശീതകാലസമ്മേളനം  തുടങ്ങാനിരിക്കെ, സഭാനടപടികൾ പകർത്തുന്നതിനാണ് നിയമസഭാസ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

സ്പീക്കറുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ഭരണകക്ഷിയായ ബി.ജെ.പി.യിലും പ്രതിഷേധമുണ്ട്. “നിയമസഭയിൽ ക്യാമറ നിരോധിച്ചിരിക്കയാണ്. നടപടികൾ നിയമസഭ റെക്കോഡ് ചെയ്യും. സ്വകാര്യചാനലുകൾക്ക് ആവശ്യമായ വീഡിയോദൃശ്യങ്ങൾ നിയമസഭയിൽനിന്ന്‌ ലഭിക്കും” -സ്പീക്കർ പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് സഭയ്ക്കുള്ളിൽ പ്രവേശിക്കാം. എന്നാൽ, സ്വകാര്യചാനൽക്യാമറകൾ അനുവദിക്കില്ല. സഭാനടപടികൾ ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്താനും പാടില്ല. ലോക്‌സഭയിലും രാജ്യസഭയിലും സ്വകാര്യചാനലുകളെ വീഡിയോ പകർത്താൻ അനുവദിക്കാറില്ലെന്നും സ്പീക്കർ വിശദീകരിച്ചു.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

1994 മുതൽ നിയമസഭാനടപടികൾ പകർത്താൻ സ്വകാര്യചാനലുകൾക്ക് അനുമതി നൽകുന്നുണ്ട്. കോൺഗ്രസ് നേതാവ് കെ.ആർ. രമേശ് കുമാർ സ്പീക്കറായിരുന്നപ്പോഴാണ് സ്വകാര്യചാനൽ പ്രവർത്തകർക്ക് അനുമതി നൽകിയത്. എന്നാൽ നിരോധനം കൊണ്ടുവരുന്നതിന്റെ കാരണം വിശദീകരിച്ചിട്ടില്ല.

നിയമസഭയിൽ നടക്കുന്ന നടപടികൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് നിയമസഭയിൽ അനുമതി നൽകിയതെന്ന് കെ.ആർ. രമേശ് കുമാർ പറഞ്ഞു. ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത് ജനാധിപത്യവിരുദ്ധവും നിർഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തെ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും എതിർത്തു.

നിയസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ പറഞ്ഞു. ഇക്കാര്യം സ്പീക്കറുമായി സംസാരിക്കും. നേതാക്കൾ നിയമസഭയിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനുള്ള അവസരം ജനങ്ങൾക്ക് നിഷേധിക്കരുത് -അദ്ദേഹം പറഞ്ഞു.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

2012-ൽ ബി.ജെ.പി. മന്ത്രി ലക്ഷ്മൺ സാവദി നിയമസഭാസമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണുന്നത് സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു. ഇത് ഏറെ വിവാദമാകുകയും ലക്ഷ്മൺ സാവദി മന്ത്രിസ്ഥാനം രാജിവെക്കുകയുംചെയ്തു. അന്ന് നിയമസഭാസ്പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ സ്വകാര്യ ചാനലുകൾക്ക് നിയമസഭയിൽ താത്‌കാലികവിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഉപമുഖ്യമന്ത്രിയാണ് ലക്ഷ്മൺ സാവദി. 2014-ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അന്നത്തെ സ്പീക്കർ കാഗൊഡു തിമ്മപ്പയും നിയമസഭയിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടർന്ന്‌ നീക്കം ഉപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts