ബെംഗളൂരു : സിദ്ധരാമയ്യ സർക്കാർ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വിവിധ കരാറുകൾക്ക് അനുവദിച്ച 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഫണ്ടുകൾ ദുരുപയോഗപ്പെടുത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണിത്.
ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ ബി.ആർ. ബാലകൃഷ്ണയാണ് ചീഫ് സെക്രട്ടറി കെ. രത്നപ്രഭയ്ക്ക് കത്തെഴുതിയിരിക്കുന്നത്. പൊതുമരാമത്ത്, മൃഗസംരക്ഷണ, റവന്യു, ഊർജ, ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്.