ബെംഗളൂരു : വെബ്ടാക്സി രംഗത്തെ പ്രമുഖരായ ഓലയ്ക്കും ഊബറിനും വെല്ലുവിളിയായി പബ്ലിക് ടാക്സി. ബെംഗളൂരുവിൽ സർവീസ് നടത്തുന്ന മറ്റു വെബ്ടാക്സികളേക്കാൾ 25% നിരക്കിളവ് ഉൾപ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളുമായാണ് മൊബൈൽ ആപ് അടിസ്ഥാനമാക്കിയുള്ള പബ്ലിക്ടാക്സി പുറത്തിറങ്ങി.
ക്യാബ് ഡ്രൈവർമാരായ ബരമെഗൗഡ, രഘു എന്നിവരുടെ നേതൃത്വത്തിലാണ് പബ്ലിക് ടാക്സി രൂപീകരിച്ചത്. യാത്രക്കൂലിയിൽ ഒട്ടേറെ ഇളവുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സർജ് പ്രൈസിങ്, കാർ പൂളിങ് എന്നിവ ഉണ്ടാകുമോ എന്നതിൽ വ്യക്തതയായിട്ടില്ല. ക്യാബുകളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും മറ്റു വെബ്ടാക്സികളോട് കിടപിടിക്കാൻ പബ്ലിക് ടാക്സിക്കാകുമോ എന്നതിലും ആശങ്കയുണ്ട്.
ഓലയ്ക്കും ഊബറിനും വെല്ലുവിളി ഉയർത്തി കഴിഞ്ഞ നവംബറിൽ സർവീസ് ആരംഭിച്ച നമ്മ ടൈഗർ വെബ്ടാക്സി സർവീസ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഓല, ഊബർ കമ്പനികളിൽനിന്നു തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാർ ചേർന്നു രൂപീകരിച്ച നമ്മ ടൈഗർ, ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ പിന്തുണയോടെയാണ് രംഗപ്രവേശം ചെയ്തത്. ബുക്കിങ് തിരക്കനുസരിച്ച് യാത്രക്കൂലി കുത്തനെ കൂടുന്ന സർജ് പ്രൈസിങ് ഉണ്ടാകില്ലെന്നതായിരുന്നു പ്രധാന വാഗ്ദാനം.
പബ്ലിക് ടാക്സി വാഗ്ദാനങ്ങൾ,കാറിനു കിലോമീറ്ററിനു നാലു രൂപ വീതം,യാത്രക്കാരുടെ സുരക്ഷയ്ക്ക് പാനിക് ബട്ടൻ,കാഷ്‌ലെസ് ഇടപാടിന് 2% ഇളവ്, ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 50 രൂപ കാഷ് ബാക്ക് – ആദ്യ മൂന്നു യാത്രയ്ക്ക് 15% ഇളവ് – ഓട്ടോയിൽ ആദ്യ നാല് കിലോമീറ്ററിന് 25 രൂപ. (ഓല ഓട്ടോയിൽ നാലു കിലോമീറ്ററിന് 29 രൂപയാണ് നിരക്ക്)
ഡ്രൈവർമാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർവീസ് തുടങ്ങി മൂന്നാം മാസത്തിൽ ഇതിന്റെ പ്രവർത്തനം ഗതാഗതവകുപ്പ് തടഞ്ഞു. ലൈസൻസ് ഇല്ലാതെയാണ് വെബ്ടാക്സി പ്രവർത്തിക്കുന്നത് എന്നതായിരുന്നു കാരണം. ആപ്പിന്റെ പ്രവർത്തനം നിലച്ചതോടെ ഇപ്പോൾ ഓഫ് ലൈൻ ആയാണ് സർവീസ്. ലൈസൻസിന് അപേക്ഷിക്കുമെന്നു നമ്മ ടൈഗർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നു ഗതാഗത കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്.