നിങ്ങൾ തൊട്ടു കൂട്ടിയ “സ്മാര്‍ട്ട്‌ ഫോൺ” ഭക്ഷണ വിഭവങ്ങള്‍.

ഇന്നത്തെ ചരിത്ര പഠനം മധുര പലഹാരങ്ങളെ കുറിച്ചാവാം. നമ്മളിൽ കൂടുതൽ പേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ ഉപയോഗിച്ചായിരിക്കും. അതിൽ തന്നെ കൂടുതൽ സ്മാർട്ട്ഫോണുകളും ആൻഡ്രോയ്ഡ് ബേസ്ഡും ആയിരിക്കും. ആൻഡ്രോയ്ഡ് ഓരോ വർഷവും പുതുക്കിയ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. ഓരോ പതിപ്പുകളുടെയും പേര് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മധുര പലഹാരങ്ങളുടെയും ആയിരിക്കും  ഇൗ മധുരപലഹാരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
1. കപ്പ് കേക്ക് (Cup Cake) – കപ്പ് കേക്ക്  എന്താണെന്ന് അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ ബേക്കറികളിൽ കാണുന്ന കപ്പ് കേക്ക്  മധുര പലഹാരങളുടെ ലിസ്റ്റില് എങ്ങനെ വന്നു എന്ന് നോക്കിയാൽ കുറച്ച് ചരിത്രം പഠിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ഒരാൾക്ക് മാത്രം പെട്ടെന്ന് കഴിക്കാൻ പറ്റുന്ന കേക്കിനായുള്ള അന്വേഷണം കപ്പ് കേക്കിൽ അവസാനിക്കുന്നത്. അമേരിക്കയിലെ ആളുകൾ മധുരം കൂടിയ ഐസിങ് ഉള്ള കപ്പ് കേക്ക്  ഇഷ്ട്ടപെട്ടപ്പോൾ, യൂറോപ്പിലെ ആളുകൾ ഐസിംഗ് ഇല്ലാത്തതാണ് ഇഷ്ടപ്പെട്ടത്.
ഇംഗ്ലീഷുകാരുടെ കോളനി ആയ ഇന്ത്യയിലും ഇൗ പാരമ്പര്യം ക്രമേണ നിലവിൽ വന്നു. സാധാരണ കേക്കിനുപയോഗിക്കുന്ന അതെ പാചക വിധി ആണെങ്കിലും, വലുപ്പം കുറവായത് കൊണ്ട് ബെയ്ക് ചെയ്യാൻ വളരെ എളുപ്പവും ചിലവ് കുറവുമാണ് കപ്പ് കേക്കുകൾ. ബേക്ക് ചെയ്തതിന് ശേഷം ഐസിങ്ങ് ഒന്നിലെങ്കിൽ കെയ്ക്കിന് മുകളിലോ അല്ലെങ്കിൽ ഒരു സിറിഞ്ച് ഉപയോഗിച്ച് കെയ്ക്കിനു ഉള്ളിലോ ചേർക്കാവുന്നതാണ്.
2. ഡോണട്ട്‌ (Donut) – ഉഴുന്ന് വടയുടെ മുകളിൽ ചോക്കലേറ്റ് ഒഴിച്ചതാണെന്ന് നമ്മൾ തമാശക്ക് പറയുന്ന ഡോണട്ടിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് അറിയാൻ എല്ലാ വർഷവും ജൂൺ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച അമേരിക്കയിൽ പോണം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാൻസിൽ ഉള്ള പട്ടിണി കിടക്കുന്ന അമേരിക്കൻ സൈനികർക്ക്, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾ കഴിക്കാൻ ഡോണട്ട്‌ കൊണ്ട് പോയി കൊടുത്തതിന്റെ സൂചകമായി ഡോണട്ട്‌ ഡേ തന്നെ എല്ലാ വർഷവും അമേരിക്കക്കാർ ആഘോഷിക്കുന്നുണ്ട്.
നമ്മുടെ നാട്ടിൽ അടുത്തകാലത്തായി മാത്രം കാണാൻ തുടങ്ങിയ ഇൗ മധുര പലഹാരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആണ് ആദ്യമായി ഉണ്ടാവുന്നത്.  ഡോണട്ട്‌ ബോൾസ് എന്ന് പറയുന്ന മധുര പലഹാരവും വിദേശത്ത് ലഭ്യമാണ് ( ഡോണട്ടിന്റെ നടുവിലെ തുളയുണ്ടാകുമ്പോൾ,  ബാക്കി വരുന്ന ഭാഗമാണ് ഡോണട്ട്‌ ബോൾസ്)
3. എക്ലൈർ (Eclair) – നമ്മുടെ നാട്ടിൽ അത്ര സുലഭമല്ലെങ്കിലും, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ബേക്കറികളിൽ ധാരാളം കണ്ട് വരുന്ന ഇൗ മധുര പലഹാരം പത്തൊമ്പതാം നൂറ്റാണ്ടിൽ ബേൾജിയത്തിൽ ആണ് ഉണ്ടാകുന്നത്.  അല്പം നീളത്തിൽ കുറച്ച് ക്രിസ്പ് ആയി ബേയ്ക് ചെയ്തെടുക്കുന്ന ഇതിന്റെ ഉള്ള്  ആദ്യം പൊള്ള ആയിരിക്കുമെങ്കിലും പിന്നീട് വാനില, ചോക്കലേറ്റ്, കോഫീ, കസ്റ്റർട് എന്നിവയിൽ ഏതെങ്കിലും ഒരു ഫില്ലിംഗ് ഉള്ളിൽ ചേർക്കുന്നു. പുറമെ ഐസിങ്‌ കൂടുതലും ചോക്കലേറ്റ് ആയിരിക്കും. നമ്മുടെ നാട്ടിൽ ലഭിക്കുന്ന എക്ലയർസ് എന്ന മുട്ടായിയുടെ രുചി ശരിക്കുമുള്ള എക്ലെയർസിന്റെത് അല്ലെങ്കിലും, രൂപവും, ശൈലിയും (അകത്തും പുറത്തും വേറെ വേറെ ഫില്ലിങ്ങും, നടുവിൽ രണ്ടും തമ്മിൽ വേർതിരിക്കുന്ന ഒരു ഭാഗവും) യഥാർത്ഥ എക്ലെയർസിൽ നിന്ന് കടം എടുത്തതാണ്.
4. ഫ്രോയോ (Froyo) – നമ്മുടെ നാട്ടിൽ കിട്ടുന്ന ലസ്സിയിൽ (മധുരമുള്ള തൈര്) എന്തെങ്കിലും ഫ്ലേവോർ ചേർത്ത് ഐസ് ക്രീം രൂപത്തിൽ ആകിയാൽ കിട്ടുന്ന സാധനമാണ് ഫ്രോയോ. ക്രീമിനു പകരം തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൊള്ളോസ്ട്രോൾ ഉള്ളവർക്ക് ഐസ് ക്രീമിനെകാൾ ഭക്ഷണ യോഗ്യമായത് ഫ്രോയോ തന്നെയാണ്. Frozen Yougurt  എന്ന പേരിന്റെ ചുരുക്ക രൂപമായ ഫ്രോയോ ബാംഗ്ലൂരിലെ ചില മാളുകളിൽ ഞാൻ കണ്ടിട്ടുണ്ട്.
5.  ജിഞ്ചർ ബ്രെഡ് (Ginger Bread) – ഇഞ്ചിയുടെയോ, ഗ്രമ്പൂവിന്റെയോ, പട്ടയുടെയോ, ജാതിക്കയുടെയോ രുചിയുള്ള, മൃദുവായോ കട്ടിയിലോ ബേക്ക് ചെയ്തെടുക്കപെട്ട മധുരമുള്ള പലഹാരങ്ങൾക്ക്‌ പൊതുവെ പറയുന്ന പേരാണ് ജിഞ്ചർ ബ്രെഡ്. എഡി ഒന്നാം നൂറ്റാണ്ടിൽ അർമേനിയൻ സന്യാസിയായ ഗ്രിഗറി ആണ് ജിഞ്ചർ ബ്രെഡ് ആദ്യമായി ലോകത്തിന് പരിചയപെടുത്തുന്നത്‌.
6. ഹണി കോംബ് (Honey comb) – തേനീച്ച കൂടിന്റെ ഉള്ളിൽ തേൻ ശേഖരിക്കാൻ വേണ്ടി രൂപപ്പെടുത്തുന്ന ഷഡ് ഭുജ രൂപത്തിലുള്ള സെല്ലുകൾക്ക് പറയുന്ന പേരാണ് ഹണി കോംബ്. ഹണി കോംബ് കഴിക്കുന്നത് കരളിനും, ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാനും, കൊളസ്ട്രോൾ കുറക്കാനും നല്ലതാണ്.
7. ഐസ്ക്രീം സാൻഡ്‌വിച്ച് (Icecream Sandwich) – സാൻവിച്ച് പോലെ രണ്ട് ബിസ്ക്കട്ടിന്റെയോ വേഫറുകളുടെയോ നടുവിൽ വാനില ഐസ്ക്രീം നിറച്ച് തണുപ്പിച്ചെടുക്കന്ന വിഭവമാണ് ഐസ്ക്രീം സാൻവിച്ച്.
8. ജെല്ലി ബീൻ (Jelly bean) – നമ്മുടെ നാട്ടിൽ ലഭിക്കുന്ന ജുജുപ്സ് എന്ന ജെല്ലിയുടെ കുറച്ച് കൂടി ചെറിയ രൂപമാണ് ജെല്ലി ബീൻ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചെറിയ ഒരു പയറിന്റെ രൂപത്തിലായിരിക്കും സാധാരണ ജെല്ലി ബീൻ ലഭിക്കുന്നത്. ജുജുപ്സിൽ നിന്ന് വത്യസ്തമായി പല വത്യസ്ഥ രുചികളിലും (മധുരം, എരിവ്, പഴങ്ങൾ, കോള, മറ്റ് സോഫ്റ്റ് ഡ്രിങ്ക്സ്) ഇത് ലഭ്യമാണ്.
9. കിറ്റ്കാറ്റ് (Kitkat) – നമുക്കെല്ലാം വളരെ സുപരിചിതമായ ഇതിനെക്കുറിച്ച് അധികം വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. 1932 ല്‌ ആദ്യമായി ഉണ്ടാക്കപെട്ട ഇൗ മിഠായി നമ്മുടെ നാട്ടിൽ കൂടുതലും മിൽക് ചോക്കലേറ്റ് ആയാണ് വിൽക്കപ്പെടുന്നതെങ്കിലും, വിദേശ മാർക്കറ്റിൽ ഡാർക്, വൈറ്റ് ചോക്കലേറ്റ്, മിന്റ്‌, ഓറഞ്ച്, പഴം എന്നീ രുചികളിൽ ലഭ്യമാണ്.
10. ലോലിപോപ്പ് (Lollipop) – സുപരിചിതമായതു കൊണ്ട് വിശദീകരിക്കുന്നില്ല.
11. മാഷ്മെല്ലോ (Marshmallow) – BC 2000 ആം ആണ്ടിൽ ആണ് മാഷ്മല്ലോയുടെ ആദ്യ രൂപം ഉണ്ടാകുന്നത്. ചതുപ്പ് നിലത്തിൽ (Marsh) ഉണ്ടാകുന്ന മല്ലോ എന്ന ചെടിയുടെ വേരുകൾ ഉപയോഗിച് ഉണ്ടാക്കിയത് കൊണ്ടാണ് മാഷ്മല്ലോ എന്ന പേര് വന്നത്. പഞ്ചസാര, വെള്ളം, ജെലാറ്റിൻ എന്നിവ കൊണ്ടുണ്ടാകുന്ന സ്പോഞ്ച് പോലുള്ള ഇൗ വിഭവത്തിന്റെ ഉള്ളിൽ 50 ശതമാനവും വായു ആയിരിക്കും, പുറമെ കോർൺ പൊടി വിതറിയിട്ടും ഉണ്ടാകും. ജെലാറ്റിൻ ഉപയോഗിക്കുന്നത് കൊണ്ട്  ഇൗ വിഭവം ഹലാൽ അല്ല. ഹലാൽ/വെജിറ്റേറിയൻ വേണ്ടവർക്ക് ജെലാറ്റിന് പകരം അഗർ കൊണ്ടുണ്ടാക്കിയ മാഷ്മല്ലോകൾ ലഭ്യമാണ്.
12. നൗഗട്ട്‌ (Nougat) – കടല മിട്ടായിയും ഹലുവയും ഒരുമിച്ച പോലെ ഉള്ള ഇൗ മധുര പലഹാരത്തിന്റെ പ്രധാന ചേരുവകൾ പഞ്ചസാര, തേൻ, നട്ട്സ്, ബദാം എന്നിവയാണ്. യൂറോപ്പിൽ ക്രിസ്തുമസ് സമയത്താണ് ഇത് കൂടുതലും വ്യാപകമാവുന്നതു. മൂന്ന് വത്യസ്ത്ഥ രൂപങ്ങളിൽ ഇത് ലഭ്യമാണ്. , വെള്ള നൗഗട്ട്‌ (മുട്ട വെള്ള കലർത്തി മൃദുവായതു), ബ്രൗൺ നൗഗട്ട്‌ (ക്രിസ്സ്‌പ്പ്‌ ആയത്), ജർമൻ നൗഗട്ട്‌ (ചോക്കലേറ്റ് ചേർത്തത്) എന്നിവയാണ് അവ.
13. ഓറിയോ (Orio) – സുപരിചിതമായതു കൊണ്ട് വിശദീകരിക്കുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us