ബെംഗളൂരു ∙ ഇരുപതിനായിരം കോടി രൂപയുടെ വ്യാജ മുദ്രപ്പത്ര തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൽ കരിം തെൽഗി (56) ആശുപത്രിയിൽ മരിച്ചു. പാരപ്പന അഗ്രഹാര ജയിലിൽ കഠിനതടവിലായിരുന്നു. മെനിഞ്ചൈറ്റിസ് മൂലം ഒരാഴ്ച മുൻപാണ് ആശുപത്രിയിലായത്.
എച്ച്ഐവി പോസിറ്റിവായിരുന്ന തെൽഗി പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് 20 വർഷത്തോളമായി ചികിൽസയിലായിരുന്നു. മൂന്നു വർഷമായി ജയിലിൽ വീൽച്ചെയർ അനുവദിച്ചിരുന്നു. രണ്ടു സഹതടവുകാരെ സഹായികളായും നിയോഗിച്ചിരുന്നു. തെൽഗിക്കും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കും ജയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അധികസൗകര്യങ്ങൾ നൽകുന്നതായ ഡിഐജിയുടെ റിപ്പോർട്ടിനെ തുടർന്ന് സഹതടവുകാരുടെ സേവനം പിന്നീട് ഒഴിവാക്കി.
കർണാടകയിലെ ബെളഗാവിയിൽ റെയിൽവേ ജീവനക്കാരന്റെ മകനായി ജനിച്ച തെൽഗി പഴം, പച്ചക്കറി വിൽപനക്കാരനായാണു ജീവിതം ആരംഭിച്ചത്. ഏഴു വർഷം സൗദിയിലും ജോലി ചെയ്തു. തിരികെ മുംബൈയിലെത്തിയശേഷം 1991ൽ തട്ടിപ്പുകേസിൽ ജയിലിലായി. ഇവിടെ വ്യാജ മുദ്രപ്പത്രമുണ്ടാക്കുന്ന സംഘത്തെ പരിചയപ്പെട്ടതാണു വഴിത്തിരിവായത്.
1994ൽ മുദ്രപ്പത്ര ലൈസൻസ് എടുത്ത് മുംബൈ മിന്റ് റോഡിൽ ഓഫിസ് തുറന്നു. നാസിക്കിലെ ഗവ. സെക്യൂരിറ്റി പ്രസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം മുതലെടുത്ത് മുദ്രപ്പത്ര അച്ചടി ഉപകരണങ്ങൾ ആക്രി വിലയ്ക്കു വാങ്ങിയാണു തട്ടിപ്പ് തുടങ്ങിയത്. രാജ്യമൊട്ടാകെ 350 ഏജന്റുമാരുള്ള ശൃംഖല പടുത്തുയർത്തി. യഥാർഥ മുദ്രപ്പത്രത്തിനു ക്ഷാമം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും ചെയ്തു.
2001 നവംബറിൽ രാജസ്ഥാനിലെ അജ്മീറിലാണ് ആദ്യം അറസ്റ്റിലായത്. തടവിലായിരിക്കെ ജയിൽ ജീവനക്കാരെ ഉപയോഗിച്ചും മുദ്രപ്പത്ര കുംഭകോണം നടത്തിയതായി കേസുണ്ട്. 2006ൽ ആദ്യ കേസിൽ കോടതി 30 വർഷം കഠിനതടവും 202 കോടി രൂപയും പിഴ ചുമത്തി.
തെൽഗി കേസ് രാഷ്ട്രീയ വിവാദത്തിനും വഴി തുറന്നിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബലിനും പണം നൽകിയതായി നാർകോ പരിശോധനയിൽ തെൽഗി ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ ഇരുവരുടെയും പേരുണ്ടായിരുന്നില്ല. മുദ്രപ്പത്ര ലൈസൻസ് ലഭിക്കാൻ സഹായിച്ചെന്നു പറയപ്പെടുന്ന മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ അനിൽ ഗോട്ടെ പിന്നീട് കേസിൽപ്പെട്ടു.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ രംഗത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ച മുദ്രപത്ര കുംഭകോണത്തിൽ താൽക്കാലികമായെങ്കിലും ഉറക്കം നഷ്ടപ്പെട്ട നേതാക്കൾ ഒട്ടേറെ.
എൻസിപി അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബലും മുതൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിയുടെ പേരുവരെ പല സമയങ്ങളിൽ അബ്ദുൽ കരീം തെൽഗിയും അഭിഭാഷകരും വിളിച്ചുപറഞ്ഞു.
എങ്കിലും കേസിൽ കുടുങ്ങിയത് ബിജെപി എംഎൽഎ അനിൽ ഗോട്ടെ മാത്രം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ആർ.എസ്.ശർമ, ശ്രീധർ വാഗൽ, പ്രദീപ് സാവന്ത് തുടങ്ങിയവർ ഉൾപ്പെടെ എട്ടു പൊലീസുകാർ പ്രതിപട്ടികയിലുണ്ടായിരുന്നെങ്കിലും ശർമയും സാവന്തും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു.ബെംഗളൂരുവിലെ ഫൊൻസിക് ലാബിൽ 2003ൽ നടത്തിയ നാർകോ പരിശോധനയിലാണു ബോംബു പൊട്ടിയത്.
അന്നു കേന്ദ്രമന്ത്രി ആയിരുന്ന ശരദ് പവാർ, സംസ്ഥാനമന്ത്രി ഛഗൻ ഭുജ്ബൽ എന്നിവർക്കു ലക്ഷങ്ങൾ നൽകിയതായി തെൽഗി മൊഴി നൽകി. എന്നാൽ പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയിൽ ഇവരുടെ പേരുകളുണ്ടായിരുന്നില്ല.
പിന്നീട് നാർകോ പരിശോധനയുടെ ദൃശ്യങ്ങൾ എന്ന പേരിൽ, നേതാക്കൾക്കെതിരെ തെൽഗി മൊഴി നൽകുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടെങ്കിലും തെൽഗിയും അഭിഭാഷകരും അതു നിഷേധിച്ചു.
വാർത്ത കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ് തെൽഗി, താനുമായി ബന്ധമില്ലാത്തവരെ കേസിൽ പെടുത്താനുള്ള നീക്കമാണെന്നും ആരോപിച്ചു.കുറ്റവാളിയായ ഒരാളുടെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ മൊഴി മുഖവിലയ്ക്കെടുക്കുന്നില്ലെന്നു പറഞ്ഞു ശരദ് പവാർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ആർ.എസ്.ശർമ, ശ്രീധർ വാഗൽ,
പ്രദീപ് സാവന്ത് തുടങ്ങിയവർ ഉൾപ്പെടെ എട്ടു പൊലീസുകാർ പ്രതിപട്ടികയിലുണ്ടായിരുന്നെങ്കിലും ശർമയും സാവന്തും കുറ്റവിമുക്തരാക്കപ്പെട്ടു. തെൽഗി രഹസ്യമായി സൂക്ഷിച്ച 5,500 കോടി രൂപ ഉപപ്രധാനമന്ത്രിയായിരിക്കെ എൽ.കെ.അഡ്വാനി ഐബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിയെടുത്തെന്നായിരുന്നു തെൽഗിയുടെ അഭിഭാഷകൻ അബ്ദുൽ റഹ്മാന്റെ ആരോപണം. ബിജെപിയും അഡ്വാനിയും ഇതിനെതിരെ രംഗത്തുവന്നിരുന്നു.