മെട്രോ സ്റ്റേഷനുകളിലിറങ്ങുന്ന യാത്രക്കാർ ഓട്ടോറിക്ഷകളേയും വെബ് ടാക്സികളേയും കൂടുതലായി ആശ്രയിക്കുന്നതോടെയാണ് ബസിൽ കയറാൻ ആളില്ലാത്തതെന്നാണ് ബിഎംടിസി അധികൃതർ പറയുന്നത്. എന്നാൽ ഫീഡർ ബസുകളെ കുറിച്ചുള്ള വിവരങ്ങൾ മെട്രോ സ്റ്റേഷനിലും ട്രെയിനിലും പ്രദർശിപ്പിക്കാത്തതിനാൽ പലർക്കും ഇത് സംബന്ധിച്ച് അറിവില്ലെന്നാണ് പതിവ് യാത്രക്കാർ പറയുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ ബസുകളുടെ റൂട്ടും നമ്പറും അടക്കം മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കാൻ വേണ്ട നടപടി ബിഎംആർസിഎല്ലാണ് സ്വീകരിക്കേണ്ടത്.
ഇത് സംബന്ധിച്ച് ബിഎംടിസി ബിഎംആർസിഎൽ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. സ്വകാര്യ കാബ് സർവീസുകൾക്ക് മെട്രോ സ്റ്റേഷനുകളിൽ കൗണ്ടർ തുറക്കാൻ സ്ഥലം നൽകിയ ബിഎംആർസിഎൽ ബസ് പാർക്കിങ്ങിന് വേണ്ട സൗകര്യം പോലും പലയിടത്തും നൽകിയില്ലെന്നും ആരോപണമുണ്ട്. മൈസൂരു റോഡ്-ബൈയപ്പനഹള്ളി ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്നു മാത്രമാണ് ഫീഡർ സർവീസുകളിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത്. ചില സ്റ്റേഷനുകളിൽ നിന്ന് ഒരു ട്രിപ്പിന് 100 രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയാണെന്ന് ബിഎംടിസി ജീവനക്കാർ പറയുന്നു.