പി വി സിന്ധുവിന് തോൽവി. ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ.

റിയോ ഡി ജനീറോ: ഇത് വെറുംവെള്ളിയല്ല, വജ്രത്തിളക്കമുള്ള ഒന്നാനന്തരം രജത മെഡല്‍. ഒളിംപിക്‌സ് ബാഡ്‌മിന്റണ്‍ വനിതാ ഫൈനലില്‍ തോറ്റെങ്കിലും ഒരു ജനതയുടെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ് പി വി സിന്ധു. ഒളിംപിക്‌സ് ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഹൈദരാബാദുകാരി പി വി സിന്ധു മാറി. ഒന്നാം റാങ്കുരാരി സ്‌പെയിനിന്റെ കരോലിന മാരിനെതിരെ നല്ല പോരാട്ടം കാഴ്‌ചവെച്ചാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നഷ്‌ടമായെങ്കിലും അടുത്ത രണ്ടു ഗെയിമും സ്വന്തമാക്കിയ കരോലിന മാരിന്‍ സ്വര്‍ണം നേടി. സ്‌കോര്‍- 21-19, 12-21, 15-21.

ഒളിംപിക്‌സില്‍ വെള്ളി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിത. ബാഡ്‌മിന്റണില്‍ വ്യക്തിഗതയിനത്തില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. അങ്ങനെ നിരവധി നേട്ടങ്ങളുടെ നെറുകയിലാണ് സിന്ധു റിയോയില്‍നിന്ന് മടങ്ങുക. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് പി വി സിന്ധുവിലൂടെ ലഭിച്ചത്. ഈ മെഡലോടെ എഴുപത്തിയൊന്നാം സ്ഥാനത്തുനിന്ന് അറുപത്തിയൊന്നാം സ്ഥാനത്ത് എത്താനും ഇന്ത്യയ്‌ക്ക് സാധിച്ചു.

കടുത്ത പോരാട്ടം പ്രതീക്ഷിച്ചുതന്നെയാണ് കരോലിന മാരിനെതിരെ പി വി സിന്ധു കലാശപ്പോരിന് ഇറങ്ങിയത്. ആദ്യ ഗെയിമില്‍ അഞ്ചു പോയിന്റിന് പിന്നിട്ടുനിന്ന ശേഷമാണ് തിരിച്ചടിച്ച സിന്ധു 21-19ന് ഗെയിം സ്വന്തമാക്കിയത്. ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ സിന്ധു അവിശ്വസനീയമായ തിരിച്ചുവരവാണ് ആദ്യ ഗെയിമില്‍ നടത്തിയത്. എന്നാല്‍ ലോക ഒന്നാം റാങ്കുകാരിയായ മാരിന്‍, ആ പദവിയെ അന്വര്‍ത്ഥമാക്കുന്നതരത്തില്‍ തുടക്കം മുതല്‍ക്കേ ആഞ്ഞടിച്ചു. തകര്‍പ്പന്‍ സ്‌മാഷുകള്‍ വെള്ളിടിയായി മാറിയതോടെ സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല. തുടക്കത്തിലേ സ്വന്തമാക്കിയ ഈ ആധിപത്യത്തിലൂടെയാണ് കരോലിന മാരിന്‍ 21-12ന് രണ്ടാം ഗെയിം സ്വന്തമാക്കിയത്. മൂന്നാമത്തെ ഗെയിമിലും മാരിന്റെ മുന്നേറ്റമാണ് തുടക്കത്തില്‍ ദൃശ്യമായത്. എന്നാല്‍ ഏറെ പിന്നിലായിരുന്ന സിന്ധു 10-10ന് ഒപ്പമെത്തിയതോടെ മല്‍സരം ആവേശകരമാകുമെന്ന് തോന്നിച്ചു. ഈ സീസണില്‍ ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കി മികച്ച ഫോമിലുള്ള കരോലിന മാരിന്‍, അല്‍പ്പം പിന്നിലേക്കുപോയ ഘട്ടമായിരുന്നു ഇത്. എന്നാല്‍ സ്വയം വരുത്തിയ ചില പിഴവുകള്‍ കാരണം സിന്ധുവിന് മുന്നേറാന്‍ സാധിച്ചില്ല. മല്‍സരം കൈവിട്ടുപോകുകയും ചെയ്‌തു.

സ്വര്‍ണത്തിന് അരികെയെത്തിയ സിന്ധു വെള്ളികൊണ്ട് തൃപ്‌തിപ്പെട്ടെങ്കിലും ഇന്ത്യന്‍ ബാഡ്‌മിന്റണെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത നേട്ടമായി ഇതിനെ വിലയിരുത്താനാകും. രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ്, വിജയ്‌കുമാര്‍, സുശീല്‍കുമാര്‍ എന്നിവര്‍ക്കുശേഷം വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. പത്താം റാങ്കുകാരിയായി റിയോയിലെത്തിയ സിന്ധു, ഒന്നിനുപിറകെ ഒന്നായി വമ്പന്‍ താരങ്ങളെ അട്ടിമറിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. ബാഡ്‌മിന്റണ്‍ മെഡല്‍ പ്രതീക്ഷയില്‍ സൈനയ്‌ക്ക് ശേഷം അടയാളപ്പെടുത്തിയിരുന്ന സിന്ധു ഫൈനലില്‍ തോറ്റെങ്കിലും ശരിക്കുമൊരു വിജയിയെപ്പോലെയാണ് റിയോയില്‍നിന്ന് മടങ്ങുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us