ബെംഗളൂരു : റിസർവ് ബാങ്ക് ഉറപ്പു നൽകിയിട്ടും ബെംഗളൂരുവിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ ചെറുകിട കച്ചവടക്കാരും ബസ് കണ്ടക്ടർമാരും തയാറാകുന്നില്ലെന്നു വ്യാപക പരാതി. വ്യാജ നാണയമാണെന്ന് ആരോപിച്ചാണിത്. ബസിൽ പോലും എടുക്കാത്തതോടെ 10 രൂപ നാണയം കയ്യിലെത്തുന്നവർ ഇതുപയോഗിച്ച് ഇടപാടു നടത്താനാകാതെ വിഷമിക്കുകയാണ്. സമീപകാലത്ത് ബിഎംടിസി ബസുകളിലും 10 രൂപ നാണയം കണ്ടക്ടർമാർ നിഷേധിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരു വർഷം മുൻപാണ് 10 രൂപ നാണയങ്ങൾ വ്യാജമാണെന്ന് അഭ്യൂഹം ഉയർന്നത്.
തുടർന്നു ബെംഗളൂരുവിൽ ഭൂരിഭാഗം വ്യാപാരികളും ഇവ സ്വീകരിക്കാതായി. പലയിടത്തും കച്ചവടക്കാരും ജനങ്ങളും തമ്മിൽ ഇതിന്റെ പേരിൽ തർക്കം പതിവായതോടെ ഇവ വ്യാജനല്ലെന്ന വിശദീകരണവുമായി റിസർവ് ബാങ്ക് രംഗത്തെത്തി. എന്നാൽ കച്ചവടക്കാർ ഇതൊന്നും ഗൗനിച്ചില്ല. ബെംഗളൂരുവാസികൾ ദേശീയപാതകളിലെ ടോൾബൂത്തുകളിലും മറ്റുമായാണു 10 രൂപ നാണയങ്ങൾ ചെലവാക്കിയിരുന്നത്. മറ്റു നാടുകളിൽനിന്നു വരുന്നവരും 10 രൂപ നാണയം മാറ്റാനാകാതെ വിഷമത്തിലായതോടെയാണു കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഇതു സംബന്ധിച്ചു പ്രസ്താവന ഇറക്കിയത്.
14 ഡിസൈനുകളിൽ 10 രൂപ നാണയങ്ങൾ ഇറക്കിയിട്ടുണ്ടെന്നും ഇവയൊന്നും വ്യാജനല്ലെന്നും ആർബിഐ വ്യക്തമാക്കി. ഈ നാണയങ്ങൾ ഉപയോഗിച്ച് ഇടപാടു നടത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും സംശയമുള്ള വ്യാപാരികൾക്ക് ആർബിഐ വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്താമെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിനുശേഷവും ചില കച്ചവടക്കാർ നാണയം സ്വീകരിക്കാൻ തയാറാകാത്തതിനാൽ ആർബിഐ എസ്എംഎസ് വഴിയും ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.