ബെംഗളൂരുവിലെ ബഹുനില ഫ്ലാറ്റിൽ വൻ തീപിടിത്തം

ബെംഗളൂരു: ഉത്തരിഹള്ളിയിലെ ബ്രിഗേഡ് 7 ഗാർഡൻസ് അപാര്ട്മെന്റിലെ ഡി ബ്ലോക്കിലെ എട്ടാം നിലയിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ 11.50-നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഫ്ലാറ്റിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. വൈകീട്ട് 3.30-ഓടെയാണ് ഫയർഫോഴ്സ് തീയണച്ചത്. ഹുളിമാവ്, അഞ്ചനപുര, ബനശങ്കരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റ് സാമഗ്രികളും പൂർണമായി കത്തിനശിക്കുകയും വീടിന്റെ ഉൾവശത്തിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ ജനൽച്ചില്ലുകൾ തകർന്നു. വീട്ടുകാർ അവധി ആഘോഷിക്കാനായി പോകുന്നതിന് മുൻപ് ഫ്ലാറ്റിൽ പൂജ നടത്തിയിരുന്നതായി അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗം വ്യക്തമാക്കി. കൃത്യമായ കാരണം അറിയാൻ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

അതേസമയം, എട്ടാം നിലയിലേക്ക് വെള്ളമെത്തിക്കാനുള്ള സൗകര്യം ആദ്യം എത്തിയ അഗ്നിശമന സേനാ വാഹനത്തിൽ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനം അല്പം വൈകാൻ കാരണമായി. സംഭവം അപാര്ട്മെന്റ് സമുച്ചയങ്ങളിലെ തീപിടിത്ത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. താമസക്കാർ വീട് പൂട്ടി പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും ബാംഗ്ലൂർ അപാര്ട്മെന്റ്സ് ഫെഡറേഷൻ (ബി.എ.എഫ്) ജനറൽ സെക്രട്ടറി കെ. അരുൺ കുമാർ ആവശ്യപ്പെട്ടു. ബ്രിഗേഡ് 7 ഗാർഡൻസിൽ സുരക്ഷാ ജീവനക്കാർക്കായി കൃത്യമായി മോക്ക് ഡ്രില്ലുകൾ നടത്താറുണ്ടെന്നും അഗ്നിശമന സുരക്ഷാ സർട്ടിഫിക്കറ്റ് അടുത്തിടെ പുതുക്കിയിരുന്നതായും അസോസിയേഷൻ അറിയിച്ചു. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ബി.എ.എഫിന് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts