ബെംഗളൂരു: നഗരത്തിലെ മാലിന്യ ശേഖരണ വാഹനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനായി ജി.പി.എസ് (GPS) ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തി ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ. ബൊമ്മനഹള്ളി മേഖലയിലാണ് ഈ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്.
എച്ച്.എസ്.ആർ ലെഔട്ടിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കമ്മീഷണർ കെ.എൻ. രമേഷ്, ബൊമ്മനഹള്ളി എം.എൽ.എ എം. സതീഷ് റെഡ്ഡി എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിറ്റി കോർപ്പറേഷൻ, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML), ‘ലെറ്റ്സ് ബി ദി ചേഞ്ച്’ എന്ന സന്നദ്ധ സംഘടന, പ്രമുഖ ടെക്നോളജി കമ്പനിയായ ഇന്റൽ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബൊമ്മനഹള്ളി സോണിൽ സർവീസ് നടത്തുന്ന 208 മാലിന്യ ശേഖരണ ഓട്ടോകളിൽ ആദ്യഘട്ടമായി എച്ച്.എസ്.ആർ ലെഔട്ടിലെ 36 വാഹനങ്ങളിലാണ് ജി.പി.എസ് ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ തത്സമയ സ്ഥാനം, സഞ്ചാരപാത, സമയം എന്നിവ ഈ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനാകും. ഇതുവഴി മാലിന്യ ശേഖരണം കൃത്യമായ റൂട്ടുകളിലും സമയത്തും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും. പദ്ധതി എട്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്നും ഇതിന്റെ വിജയക്ഷമത വിലയിരുത്തി കോർപ്പറേഷന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്മീഷണർ കെ.എൻ. രമേഷ് അറിയിച്ചു.
വീടുകളിലെ മാലിന്യ സംസ്കരണത്തിന് നക്ഷത്ര റേറ്റിംഗ്
വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവും തരംതിരിക്കലും നിരീക്ഷിക്കുന്നതിനായി ‘സേവക്’ (Sevak) സാങ്കേതികവിദ്യയും കോർപ്പറേഷൻ ഉപയോഗിക്കും. മാലിന്യങ്ങൾ കൃത്യമായി ജൈവ-അജൈവ വസ്തുക്കളായി തരംതിരിച്ചു നൽകുന്ന വീടുകൾക്ക് 5-സ്റ്റാർ സ്കെയിലിൽ റേറ്റിംഗ് നൽകും. എന്നാൽ നിരന്തരം മാലിന്യം നൽകാൻ വീഴ്ച വരുത്തുന്ന വീടുകളുടെ വിവരങ്ങൾ മാർഷലമാർക്ക് കൈമാറുകയും ഇവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
