കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്നത് മോഡലിങ് മോഹം മൂലം: മാതാവ് അറസ്റ്റിൽ

കൊഴിഞ്ഞാമ്പാറ (പാലക്കാട്): മോഡലിങിനും പഠനത്തിനും തടസ്സമാകുമെന്ന് കരുതി സ്വന്തം മക്കളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്നതായി മാതാവ് നിവേദ്യ പൊലീസിന് മൊഴി നൽകി. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുന്ന ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ നോക്കേണ്ടി വരുന്നതിനാൽ തനിക്ക് ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്ന് നിവേദ്യ സമ്മതിച്ചെങ്കിലും ഈ മൊഴി പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

തുടക്കത്തിൽ, കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ അബദ്ധത്തിൽ വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. നിവേദ്യയുടെ അമിതമായ ഫോൺ ഉപയോഗത്തെ ഭർത്താവ് ജോൺ കുമാർ എതിർത്തിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വ്യക്തമാകാൻ നിവേദ്യയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട ജെന്നിഫർ മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts