ബെംഗളൂരുവിൽ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി കോളേജ് വിദ്യാർഥിയെ കുത്തിക്കൊന്നു

ബെംഗളൂരു: ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന 19-കാരനായ ബി.കോം ഒന്നാം വർഷ വിദ്യാർഥിയെ പുറത്തേക്ക് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊന്നു. നാഗരഭാവിയിലെ മഹേഷ് പി.യു കോളജ് വിദ്യാർഥിയും നാഗദേവനഹള്ളി സ്വദേശിയുമായ യോഗേഷാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോളജിന് സമീപമുള്ള ജിമ്മിന് അടുത്തുവച്ചായിരുന്നു നടുക്കുന്ന സംഭവം നടന്നത്.

ക്ലാസിലിരിക്കുമ്പോൾ ലഭിച്ച ഫോൺ കോളിനെ തുടർന്ന് യോഗേഷ് ഒരു സഹപാഠിക്കൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു കോളേജ് വിദ്യാർഥിയും അടങ്ങുന്ന 5-6 പേരടങ്ങുന്ന സംഘവുമായി യോഗേഷ് സംസാരിക്കുകയും ഇതിനിടയിൽ തർക്കമുണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ അക്രമിസംഘം യോഗേഷിനെ മർദിക്കുകയും, കൂട്ടത്തിലൊരാൾ മാരകായുധമെടുത്ത് നെഞ്ചിൽ ആഴത്തിൽ കുത്തുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ യോഗേഷിനെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ബൈക്കിൽ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. കുത്ത് വളരെ ആഴത്തിലുള്ളതായതിനാൽ ആക്രമണത്തിന് ഉപയോഗിച്ചത് വലിയ കത്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും വെസ്റ്റ് ഡി.സി.പി യതീഷ് എൻ. അറിയിച്ചു. പട്ടാപ്പകൽ നടന്ന കൊലപാതകം പ്രദേശവാസികളിലും വിദ്യാർഥികളിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts